ലക്‌നൗ: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ അത് രാജ്യത്തിന് ആപത്താകുമെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് ഹേമ മാലിനി. മോദി രാജ്യത്ത് അഴിമതിയില്ലാതാക്കിയത് പ്രതിപക്ഷത്തെ വല്ലാതെ നിരാശരാക്കിയെന്നും ഹേമാ മാലിനി ഉത്തര്‍പ്രദേശില്‍ പറഞ്ഞു.
മോദിജി വീണ്ടും അധികാരത്തിലെത്തണം. നമുക്ക് മുന്‍പില്‍ മറ്റ് വഴികളില്ല. മോദിയല്ലാതെ മറ്റാരെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് രാജ്യത്തിന് അപകടമാണ്. അതുകൊണ്ടാണ് മോദിജി വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിക്കുന്നതെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഹേമ മാലിനി പറഞ്ഞു.
Read More: ‘ഒരു ചായക്കടക്കാരനെ മറ്റ് ചായക്കടക്കാരുടെ വേദന മനസിലാക്കാന്‍ സാധിക്കൂ’: നരേന്ദ്ര മോദി
പ്രധാനമന്ത്രി ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പദ്ധതികളെയും പ്രതിപക്ഷം കളിയാക്കുകയാണ്. രാജ്യത്തിന് നല്ലത് എന്ന് തോന്നുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി ചെയ്യുന്നത്. അത്തരം കാര്യങ്ങള്‍ അദ്ദേഹം ഏറെ ധൈര്യത്തോടെ തന്നെ നടപ്പിലാക്കുന്നു. ഞാനും ഒരു കാവല്‍ക്കാരിയാണ് (ചൗക്കിദാരിണി), നമ്മുടെ പ്രധാനമന്ത്രി കാവല്‍ക്കാരനാണ് (ചൗക്കിദാര്‍) നമ്മെളല്ലാവരും അദ്ദേഹത്തെ പിന്‍തുടരുന്നവരാണ്. രാജ്യത്ത് അഴിമതിയില്ലാതിരിക്കാന്‍ ശ്രദ്ധാലുവാണ് മോദി. ഇത് പ്രതിപക്ഷത്തെ നിരാശരാക്കുന്നതായും ഹേമ മാലിനി പറഞ്ഞു.
മോദി ഞങ്ങളുടെ നേതാവായതുകൊണ്ടാണ് മഥുരയില്‍ ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യുന്നത്. മോദി നടപ്പിലാക്കിയ കാര്യങ്ങളെ കുറിച്ച് ഞാന്‍ ജനങ്ങളോട് സംസാരിക്കും. എല്ലാവരും മോദിജിയെ സ്‌നേഹിക്കുന്നു. ആ സ്‌നേഹം വോട്ടുകളായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആർഎൽഡി സിറ്റിംഗ് എംപി ജയന്ത് ചൗധരിയെ 3,30,743 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് ഹേമമാലിനി പരാജയപ്പെടുത്തിയത്.