ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും താല്‍പര്യമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രതിപക്ഷത്തിനെതിരെ മോദി വിമര്‍ശനമുന്നയിച്ചത്. ഒരു ചായക്കടക്കാരനെ മാത്രമേ മറ്റ് ചായക്കടക്കാരുടെ വേദന മനസിലാക്കാന്‍ സാധിക്കൂ എന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ചയില്‍ താല്‍പര്യമില്ലാത്തവരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിയുടെ പര്യായമാണ്. രാജ്യം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ നമുക്ക് സന്തോഷവും അഭിമാനവും തോന്നും. എന്നാല്‍, പ്രതിപക്ഷം അങ്ങനെയല്ല. രാജ്യത്തിന്റെ വളര്‍ച്ചയിലും നേട്ടങ്ങളിലും അവര്‍ നിരുത്സാഹരാണ് മോദി പറഞ്ഞു.
Read More: രാഹുല്‍ മത്സരിക്കുമോ ഇല്ലയോ? തീരുമാനം ഉടനെന്ന് കെ.സി.വേണുഗോപാല്‍
ഭീകരവാദികളെ അവരുടെ സ്ഥലത്ത് ചെന്ന് ഇന്ത്യ നേരിട്ടപ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് ജനങ്ങള്‍ കണ്ടതാണ്. ശാസ്ത്രജ്ഞന്‍മാര്‍ രാജ്യത്തിന് വേണ്ടി നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ പ്രതിപക്ഷം അവരെ പരിഹസിക്കുകയാണ് ചെയ്തതെന്നും മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 30 തവണ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയാണ് താന്‍. മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇത് ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അസാമിനെ അവഗണിക്കുകയായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 40 ശതമാനം വീടുകളില്‍ മാത്രമേ വൈദ്യുതിയും ഗ്യാസ് കണക്ഷനും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ബിജെപിയുടെ പ്രയത്‌നത്തിന്റെ ഫലമായി ഭൂരിഭാഗം വീടുകളിലും വൈദ്യുതിയും ഗ്യാസും എത്തിക്കാന്‍ സാധിച്ചു. നിങ്ങള്‍ എന്നെ അനുഗ്രഹിച്ചതും പിന്തുണച്ചതും സാധാരണക്കാര്‍ക്കും പിന്നാക്ക വിഭാഗത്തിനും വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ശക്തി പകര്‍ന്നെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസും ഭീകരവാദികളും ഒഴികെ രാജ്യത്തെ മറ്റെല്ലാവരും ബിജെപി സര്‍ക്കാരില്‍ സന്തുഷ്ടരാണെന്നും മോദി അസാമില്‍ കൂട്ടിച്ചേര്‍ത്തു.