നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വോട്ടിങ്ങിനിടെ വോട്ട് ചെയ്യാനെത്തിയവര്‍ക്കിടയില്‍ ‘നമോ’ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. സംഭവത്തില്‍ യുപിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ മജിസ്ട്രേറ്റില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.

ഗൗതം ബുദ്ധനഗര്‍ ലോക്സഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. പാറാവ് നിന്ന പൊലീസുകാരാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തതെന്നാണ് വിവരം. ‘നമോ ഫുഡ്സ്’ എന്ന് എഴുതിയ ഭക്ഷണപ്പൊതികള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തത് കണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. പലരും ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

വോട്ടിങ് നടക്കുന്നതിനിടെ ഇത്തരത്തില്‍ നരേന്ദ്രമോദിയുടെ ചുരുക്കപ്പേരില്‍ ഭക്ഷണം വിതരണം ചെയ്തത് ചിലര്‍ ചോദ്യം ചെയ്തതായി ഒരാള്‍ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമാണ് ഇതെന്ന് സശയം ഉണര്‍ത്തിയതായും ട്വീറ്റില്‍ പറയുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.