ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ആം ആദ്മി പാര്‍ട്ടിയെ വെട്ടിലാക്കി സ്ഥാനാര്‍ത്ഥിയുടെ മകന്റെ വെളിപ്പെടുത്തല്‍. സീറ്റിന് വേണ്ടി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന് തന്റെ പിതാവ് ആറ് കോടി രൂപ നല്‍കിയെന്നാണ് ആരോപണം. എഎപിയുടെ വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിങ് ജഖാറിന്റെ മകന്‍ ഉദയ് ആണ് ആരോപണമുന്നയിച്ചത്.

ബല്‍ബീര്‍ സിങ് കെജരിവാളിന് ആറ് കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ഈ വിവരം പിതാവ് തന്നെയാണ് തന്നോട് പറഞ്ഞതെന്നും ഉദയ് പറഞ്ഞു. അഴിമതിക്കെതിരെ ഉയര്‍ന്നു വന്ന കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി തന്നെ പണം വാങ്ങുന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ഉദയ് പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഉദയ് പറഞ്ഞു.

അതേസമയം മകന്റെ ആരോപണങ്ങളെ പൂര്‍ണമായും തള്ളുന്നതായിരുന്നു ബല്‍ബീര്‍ സിങ്ങിന്റെ പ്രതികരണം. ആരോപണത്തില്‍ അപലപിക്കുന്നുവെന്നും താന്‍ മകനുമായി സ്ഥാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”അവന്റെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഉദയ് ജനിച്ചത് മുതല്‍ താമസിക്കുന്നത്. 2009 ലാണ് ഞാന്‍ വിവാഹ മോചനം തേടുന്നത്. ഞാനും ഭാര്യയും ആറോ ഏഴോ മാസമേ ഒരുമിച്ച് താമസിച്ചിട്ടുള്ളൂ. വിവാഹ മോചന ശേഷം അവന്റെ കസ്റ്റഡി ഭാര്യക്കാണ് ലഭിച്ചത്. എന്റെ സ്ഥാനാര്‍ത്ഥിത്വുമായി ബന്ധപ്പെട്ട് മകനുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല”. ബല്‍ബീര്‍ പ്രതികരിച്ചു.

മകനുമായി താന്‍ സംസാരിക്കുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഇതിന് മുന്നോടിയായി ഉയര്‍ന്നു വന്ന ആരോപണം എഎപി പ്രതിരോധത്തിലാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും മറ്റും ഉറ്റു നോക്കുന്നത്. ആരോപണത്തില്‍ കെജരിവാള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.