തിരുവനന്തപുരം: കാസര്‍കോട് കള്ളവോട്ട് ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത. കള്ളവോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുക്കും. അതേസമയം, ലീഗ് പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് നിയമപരമായി തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കി.

Read More: ‘തീരാത്ത കള്ളവോട്ട് ആരോപണങ്ങള്‍’; ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്

മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ വൈകീട്ടാണ് സ്ഥിരീകരിച്ചത്. മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ എം, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാൻ നിർദേശം നൽകിയതായി ടിക്കാറാം മീണ അറിയിച്ചു. ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരമായിരിക്കും കേസെടുക്കുക.

കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതിന് കോൺഗ്രസിന്റെ ബൂത്ത് ഏജന്റിനെതിരെയും കേസെടുക്കാൻ നിർദേശം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കല്ല്യാശ്ശേരി പുതിയങ്ങാട്​ ജമാത്ത്​ സ്​കൂളിലെ ബൂത്തുകളിലാണ്​ കള്ളവോട്ട്​ നടന്നത്​. കെ എം മുഹമ്മദ് എന്നയാൾ മൂന്ന് തവണയും അബ്ദുൾ സമദ്, മുഹമ്മദ് ഫായിസ് എന്നിവർ രണ്ടുതവണ വീതവും വോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തെളിവെടുപ്പിന്​ ഹാജരാകാത്ത അബ്​ദുൽ സമദിനെതിരെ വാറണ്ട്​ പുറപ്പെടുവിക്കുമെന്നും ടിക്കാറാം മീണ വ്യക്​തമാക്കി. എന്നാൽ ആരോപണ വിധേയനായ ആഷിക് എന്നയാൾ കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടില്ല.

Read More Kerala News Here: 

കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും വിശദമായി അന്വേഷിച്ച് വരികയാണെന്നും, അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്ത് വരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. പാർട്ടി നോക്കിയല്ല നടപടിയെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്‍റെ വഴിക്ക് ശക്തമായി നീങ്ങുമെന്നും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള അവസരമാണിതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.