മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായെന്നും വിജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തിലാണ് വിലയിരുത്തല്‍.
യുഡിഎഫിന് 17 സീറ്റ് വരെ വിജയം ഉറപ്പാണെന്നും ചിലപ്പോള്‍ അത് 20 വരെ ആകാം എന്നും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പൊതുവില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
Read More: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി
ന്യൂനപക്ഷങ്ങള്‍ ഇത്തവണ ആവേശത്തോടെ പോളിങ് ബൂത്തുകളിലെത്തി. ഇത് യുഡിഎഫിന് അനുകൂലമായി. തെക്കന്‍ ജില്ലകളിലും മലബാറിലും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ യുഡിഎഫിന് സാധിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് മികച്ച മത്സരം നടന്നതെന്നും മറ്റുള്ളിടത്ത് യുഡിഎഫിന് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More: മുസ്ലിം ലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ്; അറിവില്ലായ്മ കൊണ്ടെന്ന് കുഞ്ഞാലിക്കുട്ടി
വടകരയില്‍ യുഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ വിജയിച്ചു. കെ.മുരളീധരന് വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ശബരിമല വിഷയത്തിലടക്കം എല്‍ഡിഎഫിന് വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് പിന്നില്‍ പോയെന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് പിന്നിലായെന്നും ആദ്യഘട്ടത്തില്‍ മലബാര്‍ മേഖലയില്‍ മുസ്ലീം ലീഗ് സ്വന്തം നിലയില്‍ പ്രചാരണം നടത്തേണ്ടി വന്നു എന്നും ലീഗ് വിമര്‍ശനമുണ്ടായി. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമായിരുന്നു. എന്നാല്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കോണ്‍ഗ്രസ് തുടക്കത്തില്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.