കണ്ണൂർ: ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയൻ കാണിച്ചത് അനീതിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. പിണറായി വിജയന്റെ പിറകില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ചൊരു മനുഷ്യനാണ് ഇ.പി.ജയരാജന്. അദ്ദഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണെന്ന് മുല്ലപ്പളളി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു മുല്ലപ്പളളി.
Read More: ‘കേരളത്തിൽ ലക്ഷക്കണക്കിന് ഇരട്ടവോട്ടുകൾ;’ വിശദ വിവരങ്ങളുമായി ‘ഓപ്പറേഷൻ ട്വിൻസ്’ (Operation Twins)
സ്വന്തം നിഴലിനെ പേടിക്കുന്ന ഭീരുവാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയെ വർഷങ്ങളായി അറിയാം. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിനുളളിൽ തന്നെയായിരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു. പിണറായി വിജയന് ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്ഫോടനമാണ് സംഭവിക്കുകയെന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. ഏറ്റവും വലിയ ബോംബ് ഇപ്പോള്‍ പൊട്ടാന്‍ പോകുന്നത് പാര്‍ട്ടിയിലാണെന്ന് മുല്ലപ്പളളി പറഞ്ഞു.
മുഖം രക്ഷിക്കാനെങ്കിലും ഇഡി പിണറായിയെ ചോദ്യം ചെയ്യണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. പിണറായിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
Read More: ബംഗാളും ത്രിപുരയും മാത്രമല്ല, കേരളത്തിലെ സിപിഎം അക്കൗണ്ടും ഉടൻ പൂട്ടും: കെ.സുരേന്ദ്രൻ
സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന് പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് പെരിയയിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
“വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. അത് മനസിൽ കരുതിയാൽ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണ്. അവസാനം ചിലത് പറഞ്ഞാല്‍, പിന്നെ അതിന് മറുപടി പറയാന്‍ പറ്റില്ലല്ലോയെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.