ന്യൂഡൽഹി: ഹൈക്കമാൻഡ് നിർദേശം കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാമെന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കണ്ണൂരില്‍ മത്സരിക്കാമെന്നാണ് മുല്ലപ്പള്ളി ദേശീയ നേതൃത്വത്തെ അറിയിച്ചത്.
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് വിവരം. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാതെ മത്സരിക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
Read More: ശ്രീധരൻ വേണ്ട, ചിത്രയും സഞ്ജുവും മതി; മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
നേരത്തെ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. മുന്നണിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മത്സര രംഗത്തുവരുന്നതിനോട് താത്പര്യമില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മുല്ലപ്പള്ളിയെ ഒഴിവാക്കിയുള്ള പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയത്.
മുല്ലപ്പള്ളി ജയിച്ചാല്‍ കെ.സുധാകരന് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വികാരമുണ്ട്. നവമാധ്യമങ്ങളില്‍ അടക്കം ഈ ആവശ്യം ശക്തമാണ്. ഇതും കൂടി പരിഗണിച്ചാവും തീരുമാനമുണ്ടാകുക.
അതേസമയം, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവുകയാണ്. വൈകീട്ട് ആറുമണിക്ക് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. കോണ്‍ഗ്രസിന്റെ വാര് റൂമിലാണ് യോഗം. മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരള ഹൗസില്‍ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉച്ചയോടെ ഡല്‍ഹിയില്‍ എത്തും.
ചൊവ്വാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. സമിതിയുടെ അധ്യക്ഷ സോണിയ ഗാന്ധിയാണെങ്കിലും അനാരോഗ്യം കാരണം സോണിയയ്ക്കു പകരം രാഹുല്‍ ഗാന്ധി ആയിരിക്കും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക.