കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചിലര്‍ ഡല്‍ഹിയിലിരുന്ന് നാടകം കളിക്കുകയാണ്. അത് ആരൊക്കെയാണെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

Read More: ‘കണ്ണുനട്ട് കാത്തിരുന്നിട്ടും’; 14-ാം പട്ടികയിലും വയനാടും വടകരയുമില്ല

രാഹുല്‍ മത്സരിക്കണമെന്ന് കേരള നേതൃത്വമാണ് ആവശ്യപ്പെട്ടത്. രാഹുലായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി അങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞത്.  “രാഹുല്‍ജി വയനാട്ടിൽ മത്സരിക്കുമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. കേരളത്തില്‍ മത്സരിക്കണം എന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. രണ്ടാമതൊരു സീറ്റിൽ മത്സരിക്കും എന്നൊരു സൂചന ഒരു ഘട്ടത്തിലും രാഹുൽജി നൽകിയിട്ടില്ല” ഉമ്മൻ ചാണ്ടി പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ മട്ടിലായിരുന്നു ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾക്കിപ്പുറം വാക്ക് മാറിയത് അണികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.