PM Narendra Modi vs Kerala CM Pinarayi Vijayan: തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും ശക്തമായ വാക് പോരുകളിലൊന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടായത്. കേരളത്തില്‍ ബിജെപിയുടെ പ്രചരണറാലികളിലും കേരളത്തിന് പുറത്തും പ്രധാനമന്ത്രി കേരളത്തെ കുറിച്ച് പ്രസ്താവനകള്‍ നടത്തി. കേരളത്തെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു.

കേരളത്തിലെ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്നായിരുന്നു നരേന്ദ്ര മോദി വാരണാസിയില്‍ പ്രസംഗിച്ചത്. കേരളത്തില്‍ വോട്ട് തേടി പോകുന്ന പ്രവര്‍ത്തകര്‍ ജീവനോടെ തിരിച്ച് മടങ്ങുമെന്ന് ഉറപ്പില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. തന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് നടത്തിയ പ്രചാരണ പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. കേരളത്തിലും ബംഗാളിലും സമാന അവസ്ഥയാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ ഇവിടങ്ങളിലെ പ്രവര്‍ത്തകര്‍ ഭയപ്പെടാതെയാണ് പ്രചരണം നടത്തിയതെന്നും മോദി പറഞ്ഞു. അതേസമയം വാരണാസിയിലെ പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഒന്നും നേരിടുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Read More: Lok Sabha Election 2019: ശബരിമലയും അയ്യപ്പനും ആചാരവും; മോദി പറഞ്ഞത്

പ്രധാനമന്ത്രിയെന്ന സ്ഥാനത്തിന് ചേരുന്നതല്ല കേരളത്തെ കുറിച്ചുള്ള പരാമര്‍ശമെന്നായിരുന്നു മോദിക്ക് പിണറായിയുടെ മറുപടി.പ്രധാനമന്ത്രി വ്യാജപ്രചാരണത്തിലൂടെ കേരളത്തെ അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് ചേര്‍ന്നതല്ല കേരളത്തെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശമെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി.

ഏത് ബിജെപിക്കാരനാണ് കേരളത്തില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുള്ളതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമുള്ള കേരളത്തെയും കേരള ജനതയേയും പ്രധാനമന്ത്രി വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സംഘപരിവാറില്‍പ്പെട്ട അക്രമികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തില്‍ അത് നടക്കില്ലെന്നും സംഘപരിവാറിന് കേരളത്തില്‍ മാത്രമായി പ്രത്യേക നിയമമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനായി വോട്ട് ചോദിക്കാനെത്തിയപ്പോഴായിരുന്നു മോദിയുടെ മറ്റൊരു പ്രസ്താവന. 2019 ലും തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ലമെന്റിലും കോടതിയിലും വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ എന്ത് നിലപാടും ബിജെപി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണം. വിശ്വാസ പാരമ്പര്യത്തെ രാഷ്ട്രീയത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റാണെന്നും മോദി പറഞ്ഞു.

ആര്‍എസ്എസ് പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറരുതെന്ന് പിണറായി വിജയന്‍ തിരിച്ചടിച്ചു. ദൈവനാമം പറയുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നുവെന്ന് അസത്യ പ്രചാരണം നടത്തുന്നു. പ്രധാനമന്ത്രിയുടെ അസത്യ പ്രചാരണങ്ങള്‍ ന്യായീകരിക്കാനാകില്ല. മോദിയുടെ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ല. ദൈവനാമം പറഞ്ഞതിന്റെ പേരില്‍ കേരളത്തില്‍ ആര്‍ക്കെതിരെയെങ്കിലും കേസെടുത്തിട്ടുണ്ടോ? വസ്തുത മനസിലാക്കാതെ പ്രധാനമന്ത്രി സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: Lok Sabha Election 2019: ‘അങ്ങോളമിങ്ങോളം മോദിയെ വിമര്‍ശിച്ച മുഖ്യന്‍’; തിരഞ്ഞെടുപ്പ് കാലത്ത് കണ്ടതും കേട്ടതും
‘ബിജെപിക്ക് ഭരണമുളള സംസ്ഥാനങ്ങളില്‍ സംഘപരിവാറുകാര്‍ക്ക് എന്തും ചെയ്യാം. അവിടെ അവര്‍ നിയമത്തിന് അതീതരാണ്. കാരണം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ അത് നടക്കുമെന്ന് എങ്ങനെയാണ് മോദി പ്രതീക്ഷിച്ചത്. കേരളത്തില്‍ നിയമത്തിന് ഉയരെ പറക്കാന്‍ ആരെയും അനുവദിക്കില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. അതാണ് കേരളത്തിന്റെ പ്രത്യേകത,’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സംസാരിക്കവെ ശബരിമലയെന്നോ അയ്യപ്പനെന്നോ നേരിട്ട് പരാമര്‍ശിക്കാതിരുന്ന മോദി അതിര്‍ത്തിക്ക് പുറത്ത് നടത്തിയ പ്രസംഗങ്ങളില്‍ ശബരിമലയേയും അയ്യപ്പനേയും എടുത്തു പറയുകയുണ്ടായി. കേരളത്തില്‍ അയ്യപ്പന്റെ പേര് പോലും മിണ്ടാന്‍ വയ്യാത്ത അവസ്ഥയാണെന്ന് നരേന്ദ്രമോദി മംഗലൂരുവിലെ റാലിക്കിടെ പറഞ്ഞു. ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ബി.ജെ.പിയുടെ ഒരു സ്ഥാനാര്‍ത്ഥിക്ക് ശബരിമലയുടെ പേരില്‍ സമരം ചെയ്തതിന് ജയിലില്‍ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നും മോദി ആരോപിച്ചു. തമിഴ് നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ഇടതു-വലതുമുന്നണികള്‍ ചേര്‍ന്ന് വിശ്വാസങ്ങളെ തകര്‍ക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും മോദി പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാകുന്ന അക്രമങ്ങള്‍ കേരളത്തിലും ഉണ്ടാകണമെന്നാണ് ആര്‍എസ്എസിന്റേയും മോദിയുടേയും ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തില്‍ നടപടി നേരിട്ട ബിജെപി സ്ഥാനാര്‍ത്ഥി ചെയ്തത് സല്‍പ്രവര്‍ത്തി ആയിരുന്നില്ല. ഭക്തരെ ആക്രമിക്കുകയാണ് ചെയ്തത്. കേരളത്തില്‍ തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടി എടുക്കും. നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്രസേനയെ അയച്ച് തരാമെന്ന് പറഞ്ഞതും കേന്ദ്ര സര്‍ക്കാരാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

Read More: സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം; കേരളത്തിലെ പ്രധാന സംഭവങ്ങള്‍

സംസ്ഥാനത്ത് അയ്യപ്പന്റെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്ന കളളപ്രചരണമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയ്യപ്പന്‍ എന്ന പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റാണെന്നാണ് പറഞ്ഞത്. അവരുടെ സ്ഥാനാര്‍ത്ഥിയെ തടങ്കലില്‍ ഇട്ടെന്ന് പറഞ്ഞു. ഇങ്ങനെ പച്ചക്കളളം ഒരു പ്രധാനമന്ത്രി പറയാമോ. നിങ്ങള്‍ കാണിച്ച ഇരട്ടത്താപ്പാണ് കണ്ടത്. കേന്ദ്രസേനയെ വേണമെങ്കില്‍ അറിയിക്കണമെന്ന് മോദിയുടെ സര്‍ക്കാരാണ് പറഞ്ഞത്. മോദിയുടെ അനുഗ്രഹം വാങ്ങി വന്നവരാണ് ശബരിമലയില്‍ അക്രമം നടത്തിയത്. അത്തരക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ തടങ്കലില്‍ കഴിയാതെ വന്നേക്കാം. പക്ഷെ അത് കേരളത്തില്‍ നടക്കില്ല,’ പിണറായി വ്യക്തമാക്കി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.