Lok Sabha Election 2019 Live Updates: ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് 21-ാം നൂറ്റാണ്ടിന്റെ വിധി നിർണയിക്കാനുള്ള സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മംഗളൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മോദിയുടെ പരാമർശം. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മോദി കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിച്ചത്.

നൂറ് ശതമാനവും കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “എല്ലാ കള്ളന്‍മാരുടെയും പേര് മോദി എന്നാണ്, നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി” – രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡക്കൊപ്പമാണ് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക. ഫത്തേപൂര്‍ സിക്രയില്‍ നടക്കുന്ന റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിച്ച ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. രാഹുലിനെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ മറ്റ് പ്രതിപക്ഷ നേതാക്കള്‍ തയ്യാറാകില്ലെന്ന് മോദി പറഞ്ഞു. എല്ലാ പ്രതിപക്ഷ നേതാക്കളും ആഗ്രഹിക്കുന്നത് പ്രധാനമന്ത്രി പദമാണെന്നും മോദി പരിഹസിച്ചു. തേനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.