കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. എംഎല്‍എമാര്‍ മത്സരിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി എംഎല്‍എമാര്‍ മത്സരിക്കരുത് എന്ന വ്യവസ്ഥയില്ലെന്നും വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിച്ചാല്‍ അത് സര്‍ക്കാര്‍ ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കുമെന്നടക്കം ആരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍, എംഎല്‍എമാര്‍ മത്സരിക്കരുതെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read More: ആറ് എംഎല്‍എമാര്‍ മത്സരംഗത്ത്; കളമറിഞ്ഞ് കളിച്ച് ഇടതുമുന്നണി

സംസ്ഥാനത്ത് ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒന്‍പത് എംഎല്‍എമാരാണ്. ആറ് എംഎല്‍എമാര്‍ ഇടതുപക്ഷത്തിന്റേതാണ്. യുഡിഎഫില്‍ നിന്ന് മൂന്ന് എംഎല്‍എമാര്‍. നാല് പേര്‍ സിപിഎമ്മില്‍ നിന്നും രണ്ട് പേര്‍ സിപിഐയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ മൂന്ന് എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.

കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായ എ.പ്രദീപ് കുമാര്‍- കോഴിക്കോട്, അരൂര്‍ എംഎല്‍എ എ.എം.ആരിഫ്- ആലപ്പുഴ, ആറന്മുള എംഎല്‍എ വീണ ജോര്‍ജ്- പത്തനംതിട്ട, നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍- പൊന്നാനി, നെടുമങ്ങാട് എംഎല്‍എ സി.ദിവാകരന്‍- തിരുവനന്തപുരം, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍- മാവേലിക്കര എന്നിവരാണ് എല്‍ഡിഎഫില്‍നിന്ന് മത്സരരംഗത്തുള്ള നിയമസഭാ സാമാജികര്‍.

എറണാകുളം എംഎൽഎ ഹൈബി ഈഡന്‍ (എറണാകുളം), വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരൻ (വടകര), കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍) എന്നിവരാണ് കോൺഗ്രസിന്റെ എംഎൽഎമാർ.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.