തിരുവനന്തപുരം: മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വിജയയാത്രയ്‌ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

“കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്തിനു വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നത്. ഒരവസരം മെട്രോമാന് ലഭിച്ചാല്‍ നരേന്ദ്ര മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് നടപ്പാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ട്,” സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സുരേന്ദ്രൻ തിരുവല്ലയിൽ പറഞ്ഞു.

Read Also: ഞാൻ മുട്ട പോലും കഴിക്കാറില്ല, ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല: ഇ.ശ്രീധരൻ

ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ഇ.ശ്രീധരൻ ഇന്നു രാവിലെ പറഞ്ഞിരുന്നു. നാമനിർദേശപത്രിക സമർപ്പിക്കും മുൻപ് ഡിഎംആർസിയിൽനിന്ന് രാജിവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാൽ കൂടുതൽ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല, ടെക്നോക്രാറ്റെന്ന നിലയിലായിരിക്കും പ്രവർത്തനം നടത്തുക. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല, പകരം ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സന്ദേശങ്ങളായടക്കം ജനങ്ങളെ സമീപിക്കും. ശരീരത്തിന്റെ പ്രായമല്ല, മനസിന്റെ പ്രായമാണ് പ്രധാനം,” ശ്രീധരൻ പറഞ്ഞു.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്‌ത്തിയാണ് ശ്രീധരൻ ബിജെപിയിൽ അംഗത്വമെടുത്തത്. കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ശ്രീധരൻ ബിജെപിയിൽ ചേർന്ന ശേഷം പറഞ്ഞിരുന്നു.

“ബിജെപി ഒരിക്കലും വർഗീയ പാർട്ടിയല്ല. രാജ്യസ്‌നേഹികളുടെ കൂട്ടായ്‌മയാണ് ബിജെപി. എല്ലാ പാർട്ടികളെയും കൂട്ടായ്‌മകളെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങനെയാണ്. അദ്ദേഹം ഏതെങ്കിലും ഒരു മതത്തെ ആക്രമിച്ച് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടില്ല,” ശ്രീധരൻ പറഞ്ഞിരുന്നു.

Read Also: മോദി സർക്കാർ എന്ത് ചെയ്താലും എതിർക്കുന്നത് ഒരു ഫാഷനായി മാറി: ഇ.ശ്രീധരൻ

ശ്രീധരൻ തൃപ്പൂണിത്തുറയിൽ മത്സരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടിയിൽ ധാരണയായിട്ടില്ല. പൊന്നാനിക്ക് അടുത്തുള്ള ഏതെങ്കിലും സീറ്റ് വേണമെന്ന് ശ്രീധരൻ പാർട്ടിയെ അറിയിച്ച സാഹചര്യത്തിൽ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം കെെക്കൊള്ളുക. മെട്രോയും പാലാരിവട്ടവും ചർച്ചയാകുന്നതിനാൽ എറണാകുളത്തെ ഏതെങ്കിലും സീറ്റിൽ തന്നെ ശ്രീധരനെ മത്സരിപ്പിക്കണമെന്ന് ബിജെപിയിൽ ആവശ്യമുയർന്നിട്ടുണ്ട്. തൃശൂരും ശ്രീധരനെ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.