‘ഇത് രാജ്യത്തെ പ്രധാനമന്ത്രിക്ക് ചേരുന്നതല്ല’; ആഞ്ഞടിച്ച് മായാവതിയും കോണ്‍ഗ്രസും

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മോദിയും അമിത് ഷായും നടത്തുന്നത് ആസൂത്രിത നീക്കാമാണെന്നും മായാവതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മോദിയും അമിത് ഷായും നടത്തുന്നത് ആസൂത്രിത നീക്കമാണെന്നും മായാവതി തുറന്നടിച്ചു. ബിജെപിയും അവരുടെ നേതാക്കളും മമതയെ ലക്ഷ്യം വയ്ക്കുകയാണ്. അത് തീക്കളിയാണ്. മമതയോട് കാണിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ മായാവതി രാജ്യത്തെ പ്രധാനമന്ത്രിക്ക് ചേരുന്ന രീതിയിലല്ല മോദി പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Read More: ബംഗാളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഏറ്റുമുട്ടി ബിജെപിയും തൃണമൂലും

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യത നഷ്ടപ്പെട്ടു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ജനാധിപത്യത്തെ ആക്രമിക്കുന്ന തരത്തിലുള്ള നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. മോദിക്കും അമിത് ഷായ്ക്കും വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. മാതൃക പെരുമാറ്റ ചട്ടം മോദിയുടെ പെരുമാറ്റ ചട്ടമായി മാറിയിരിക്കുന്നു. പ്രധാനമന്ത്രിക്ക് വേണ്ടിയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധാരണ നടപടി സ്വീകരിച്ചത്. പരസ്യ പ്രചാരണത്തിനുള്ള ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചു.

Read More Election News

വെള്ളിയാഴ്ച അവസാനിക്കേണ്ട പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രിയോടെ അവസാനിപ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ബംഗാളിലെ ബിജെപി – തൃണമൂല്‍ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പരസ്യ പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂക്കുകയറിട്ടത്. ഇന്ന് രാത്രി പത്ത് വരെയാണ് പരസ്യ പ്രചാരണം അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ബംഗാളിലെ ശേഷിക്കുന്ന ഒന്‍പത് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുക. ആർട്ടിക്കൾ 324 ന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യ പ്രചാരണം വെട്ടിക്കുറയ്ക്കുന്നത്. വിദ്യാസാഗർ പ്രതിമ തകർക്കപ്പെട്ട സംഭവത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അപലപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കഴിഞ്ഞ ദിവസം ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയാണ് കഴിഞ്ഞ ദിവസം അക്രമങ്ങളുണ്ടായത്. അതിനു പിന്നാലെ ബിജെപി – തൃണമൂല്‍ നേതാക്കള്‍ പരസ്പരം വിമര്‍ശിച്ച് രംഗത്തെത്തി. മമത ബാനര്‍ജിയും നരേന്ദ്ര മോദിയും തമ്മില്‍ വാക്‌പോരും ഉണ്ടായി.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Mayawati against election commission and modi

Next Story
പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു കുഴപ്പവുമില്ല: ഗുലാം നബി ആസാദ്Ghulam Nabi Azad, Congress, Prime Minister Candidate
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express