തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൂടുതൽ ജനപ്രീതിയെന്ന് മാതൃഭൂമി-സി വോട്ടർ സർവെ ഫലം. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ പ്രകടനത്തിൽ കൂടുതൽ പേരും സംതൃപ്‌തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് സർവെയിൽ പങ്കെടുത്ത 38.10 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രകടനം ശരാശരിയെന്ന് അഭിപ്രായമുള്ള 37.2 ശതമാനം പേർക്ക്. സർവെയിൽ പങ്കെടുത്ത 24.7 ശതമാനം പേരാണ് മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശം എന്ന അഭിപ്രായം രേഖപ്പെടുത്തിയത്.
ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണത്തുടർച്ച പ്രവചിക്കുകയാണ് സർവെ. എൽഡിഎഫ് 40.9 ശതമാനം വോട്ട് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എൽഡിഎഫ് 75 മുതൽ 83 വരെ സീറ്റുകൾ നേടിയേക്കാം. യുഡിഎഫ് 37.9 ശതമാനം വോട്ടുമായി 56 മുതൽ 64 സീറ്റ് നേടിയേക്കാം. ബിജെപിക്ക് 16.6 ശതമാനം വോട്ടും പൂജ്യം മുതൽ രണ്ട് വരെ സീറ്റും ലഭിച്ചേക്കാമെന്നും സർവെ പ്രവചിക്കുന്നത്.
മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്ന് 37.3 ശതമാനം പേരും അഭിപ്രായപ്പെട്ടു. രണ്ടാം സ്ഥാനത്ത് ഉമ്മൻചാണ്ടിയാണ്, 28.4 ശതമാനം പേരുടെ പിന്തുണ. ശശി തരൂർ-8.5 ശതമാനം, മുല്ലപ്പള്ളി രാമചന്ദ്രൻ 7.7 ശതമാനം, കെ.കെ.ശെെലജ-4.6 ശതമാനം, രമേശ് ചെന്നിത്തല-2.9 ശതമാനം എന്നിങ്ങനെയാണ് തുടർന്നുവരുന്നവർ. ജനുവരിയിലെ ജനപ്രീതിയേക്കാൾ കൂടുതലാണ് മുഖ്യമന്ത്രിക്ക് മാർച്ചിൽ ഉള്ളതെന്ന് മാതൃഭൂമി-സി വോട്ടർ സർവെയിൽ പറയുന്നത്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ക്ഷേമ പെൻഷനും കിറ്റ് വിതരണവും വലിയ രീതിയിൽ വോട്ടർമാരെ സ്വാധീനിച്ചതായി പറയുന്നു. കിറ്റും പെൻഷനും വലിയ ഗുണം ചെയ്യുമെന്ന് 53,9 ശതമാനം പേർ അഭിപ്രായപ്പെട്ടു. ചെറുതായി മാത്രമേ ഗുണം ചെയ്യൂ എന്ന് അഭിപ്രായമുള്ളവർ 26.2 ശതമാനം പേർ. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും അഭിപ്രായപ്പെട്ടു.
Read Also: വോട്ടുകൾ വിഭജിക്കപ്പെടരുത്; ഇടത് അനുഭാവികളുടെ പിന്തുണ ലക്ഷ്യമിട്ട് മമത
എൽഡിഎഫ് സർക്കാർ മാറേണ്ട എന്ന് പൊതുവികാരമുള്ളവർ 59.5 ശതമാനം. സർക്കാർ മാറണമെന്ന് 40.5 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 20 ശതമാനം മുൻതൂക്കം എൽഡിഎഫിനുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ് നേട്ടമോ എന്ന ചോദ്യത്തിന് 47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേർ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.
140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേരിലാണ് സർവെ നടത്തിയതെന്നും 18-85 പ്രായമുളളവരാണ് സര്‍വെയിൽ പങ്കെടുത്തതെന്നും മാതൃഭൂമി പറയുന്നു.