കൊച്ചി: തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് ഉപയോഗിക്കുക മൂന്നു ലക്ഷത്തോളം ലിറ്റർ സാനിറ്റെസര്‍. 10 ലക്ഷത്തോളം എന്‍95 മാസ്ക്, 12 ലക്ഷത്തോളം ഗ്ലൗസ്, 2.21 ലക്ഷം ഫെയ്സ് ഷീല്‍ഡ്, പുനരുപയോഗിക്കാവുന്ന 2950 ഫേസ് ഷീല്‍ഡ് എന്നിവയും തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കിയിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനായാണ് ഇത്രയും സാമഗ്രികള്‍ ശേഖരിച്ചത്. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഫെയ്സ് ഷീല്‍ഡ് തുടങ്ങിയവയടങ്ങുന്ന പ്രത്യേക ബോക്സുകള്‍ ഓരോ പോളിങ് സ്റ്റേഷനിലും ജോലിക്കു നിയോഗിക്കപ്പെടുന്ന ടീമിനു നല്‍കും.
തിരഞ്ഞെടുപ്പ് കമ്മിഷന് തയാറാക്കി നല്കുന്ന ബോക്സുകള്‍ അതതു കലക്ടറേറ്റുകള്‍ മുഖേനെ ബ്ലോക്ക് അടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു വിതരണം ചെയ്യുന്നത് തുടങ്ങി. അഞ്ചു ലിറ്ററിന്റെ ഒന്നും അര ലിറ്ററിന്റെ നാലും കുപ്പി ഉള്‍പ്പെടെ ഏഴു ലിറ്റര്‍ സാനിറ്റൈസര്‍, 18 എന്‍95 മാസ്ക്, 12 ജോഡി ഗ്ലൗസ്, ആറ് പുനരുപയോഗിക്കാവുന്ന ഫെയ്സ് ഷീല്‍ഡ് എന്നിവയാണ് ഒരു ബോക്സിലുള്ളത്.
Also Read: വോട്ടെടുപ്പിനും വോട്ടെണ്ണലിനും മുൻപ്; 20 ലേറെ സ്ഥലങ്ങളിൽ എൽഡിഎഫിന് എതിരില്ല
നാല് ഉദ്യോഗസ്ഥരെയാണു വോട്ടെടുപ്പ് ജോലികള്‍ക്കായി ഓരോ പോളിങ് ബൂത്തിലും നിയോഗിക്കുക. പുറമേ ഒരു അറ്റന്‍ഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. ഇവര്‍ നിര്‍ബന്ധമായും ഫെയ്സ് ഷീല്‍ഡ്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് ഏജന്റുമാര്‍ക്കു മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്.
മലപ്പുറം ജില്ലയിലാണ് പ്രതിരോധ സാമഗ്രികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുക. കുറവ് വയനാട് ജില്ലയിലും. മാസ്ക്-1,02,900, ഗ്ലൗസ്-1,36,000, സാനിറ്റെസര്‍-31800 ലിറ്റര്‍, ഡിസ്പോസിബിള്‍ ഫെയ്സ് ഷീല്‍ഡ്-25,000, പുനരുപയോഗിക്കാവുന്ന ഫെയ്സ് ഷീല്‍ഡ്-350 എന്നിങ്ങനെയാണു മലപ്പുറത്തിന് അനുവദിച്ച പ്രതിരോധ സാമഗ്രികളുടെ എണ്ണം. വയനാട്ടില്‍ മാസ്ക്-22,900, ഗ്ലൗസ്-29,800, സാനിറ്റെസര്‍-6850 ലിറ്റര്‍, ഡിസ്പോസിബിള്‍ ഫെയ്സ് ഷീല്‍ഡ്-3,900, പുനരുപയോഗിക്കാവുന്ന ഫെയ്സ് ഷീല്‍ഡ്-80 എന്നിങ്ങനെയാണ് ലഭിക്കുക.
Also Read: സോഷ്യൽ മീഡിയ അടക്കിവാഴുന്ന തിരഞ്ഞെടുപ്പ് പ്രചാരണം; ശ്രദ്ധയാകർഷിച്ച് കിടിലൻ പോസ്റ്ററുകൾ
മുഴുവന്‍ പോളിങ് ബൂത്തുകള്‍ വോട്ടെടുപ്പിനു തലേന്ന് പൂര്‍ണമായി അണുവിമുക്തമാക്കും. പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവ ഉണ്ടാകും. വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ നല്‍കും.
നാമനിര്‍ദേശ പത്രികാ സ്വീകരണം, സൂക്ഷ്മ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ക്കായി റിട്ടേണിങ് ഓഫിസമാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, പാക്കിങ് സ്റ്റാഫ്, വിതരണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍, സെക്ടറല്‍ ഓഫിസര്‍മാര്‍, ഇവരുടെ കീഴിലുള്ള ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍, റൂട്ട് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ക്കും കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ട്.