മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി എംപി സമദാനിക്കു ജയം. സിപിഎം സ്ഥാനാർഥി വിപി സാനുവിനെതിരെ 1,14,615 വോട്ടിനാണു സമദാനിയുടെ വിജയം. സമദാനിക്കു 5,38,248 ഉം സാനുവിനു 4,23,633 ഉം വോട്ട് ലഭിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി 68,935 ഉം എസ്‌ഡിപിഐ സ്ഥാനാർഥി ഡോ. തസ്ലീം റഹ്മാനി 46,758 ഉം വോട്ട് നേടി.
മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാന്‍ തീരുമാനിച്ചതോടെയാണു മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതുവരെ ലീഗിനെ തുണച്ച ചരിത്രമാണു മലപ്പുറത്തിനുള്ളത്. എന്നാൽ ഇത്തവണ ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാനുവിന്റ വോട്ട് വിഹിതം വൻതോതിൽ വർധിച്ചു.
2019ലെ പൊതു തിരെഞ്ഞടുപ്പില്‍ 2,60,153 വോട്ടിനായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയം. അന്നും സാനു തന്നെയായിരുന്നു എതിരാളി. അദ്ദേഹം 5,89,873 വോട്ട് (57.01 ശതമാനം) വോട്ട് നേടിയപ്പോള്‍ സാനുവിനു നേടാനായത് 3,29,720 വോട്ട് (31.87 ശതമാനം). ബിജെപി സ്ഥാനാര്‍ഥി വി. ഉണ്ണികൃഷ്ണനു 82,332 വോട്ടും (7.96 ശതമാനം) ലഭിച്ചു.
ഇത്തവണ 74.53 ശതമാനമാണ് മണ്ഡലത്തിലെ പോളിങ്. 75.50 ശതമാനമായിരുന്നു 2019ലെ പോളിങ് ശതമാനം.
Also Read: പച്ചയ്ക്കുമേല്‍ പടര്‍ന്ന് ചുവപ്പ്; വിവാദങ്ങളില്‍ കടപുഴകി അഴീക്കോട്, കളമശേരി
മുന്‍ മന്ത്രി ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണു കുഞ്ഞാലിക്കുട്ടി ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2014ല്‍ ഇ. അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 ആയിരുന്നെങ്കില്‍ 2017ല്‍ കുഞ്ഞാലിക്കുട്ടിക്ക് 1,71,023 വോട്ടിന്റ ഭൂരിപക്ഷമാണു ലഭിച്ചത്.
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണു മലപ്പുറം ലോക്‌സഭാ മണ്ഡലം. ഈ മണ്ഡലങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്നത് ലീഗ് എംഎല്‍എമാരാണ്.