മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എ.പി.അബ്‌ദുള്ളക്കുട്ടി ബിജെപി സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവിൽ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്‌ദുള്ളക്കുട്ടി. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അബ്‌ദുള്ളക്കുട്ടി ബിജെപിയിൽ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുക.
മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച ഒഴിവിലാണ് മലപ്പുറത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായാണ് ലോക്‌സഭാ അംഗത്വം കുഞ്ഞാലിക്കുട്ടി രാജിവച്ചത്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഎം സ്ഥാനാര്‍ഥി വി.പി.സാനു രണ്ടാം സ്ഥാനത്തായിരുന്നു.
Read Also: സ്ത്രീകളോട് വളരെ ഉയർന്ന ബഹുമാനമുണ്ട്: സുപ്രീം കോടതി
അതേസമയം, 2019 ൽ എൽഡിഎഫിനായി മത്സരിച്ച വി.പി.സാനു തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും ജനവിധി തേടുക. എസ്എഫ്ഐ ദേശീയ അധ്യക്ഷനാണ് സാനു.
അബ്‌ദുള്ളക്കുട്ടിയെ മത്സരിപ്പിക്കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകൾ നേടാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അധികാരത്തിനുവേണ്ടി ലോക്‌സഭാ അംഗത്വം രാജിവച്ച കുഞ്ഞാലിക്കുട്ടിയെ ജനം തിരിച്ചറിയണമെന്നാണ് സിപിഎം പ്രചാരണം.
മുസ്‌ലിം ലീഗ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.