തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ പരസ്യങ്ങൾ നീക്കാൻ ഉത്തരവ്. കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലുമുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർമാർക്കാണ് നിർദ്ദേശം നൽകിയത് .പൊതു സ്ഥലങ്ങൾ, ഓഫീസുകൾ, പൊതുവാഹനങ്ങൾ എന്നിവിടങ്ങളിലുള്ള പരസ്യങ്ങളാണ് മാറ്റേണ്ടത്.

ഇനിമുതൽ സർക്കാർ വെബ്സൈറ്റുകളിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങള്‍ ഉപയോഗിക്കാൻ പാടില്ല. നിലവിൽ കെഎസ്ആർടിസി ബസിൽ നൽകിയിരിക്കുന്ന ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട പരസ്യം 24 മണിക്കൂറിനകം നീക്കം ചെയ്യാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുളള ഫളക്സ് ബോര്‍ഡുകളും കട്ടൗട്ടറുകളും നീക്കം ചെയ്യാന്‍ വേണ്ട സഹായം നൽകാൻ പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സർക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസുകളിലെ സർക്കാരിന്റെ പരസ്യം നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.