തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന മുൻ നിലപാടിൽ അയഞ്ഞ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ. ശബരിമല വിഷയം തിരഞ്ഞെടുപ്പിന് ഉന്നയിക്കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും പറഞ്ഞു.

ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്.  സർവ്വകക്ഷി യോഗത്തിൽ ബിജെപി നേതാക്കൾ ടിക്കാറാം മീണയുമായി കയർത്തിരുന്നു. യോഗശേഷം പൂർണ്ണതൃപ്തിയുണ്ടെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ടിക്കാറാം മീണ പ്രതികരിച്ചത്.

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്നും, എന്തുപറയാമെന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീധരൻ പിള്ള പിന്നീട് പ്രതികരിച്ചു.  വിഷയങ്ങളെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. പൂർണ തൃപ്തനായാണ് യോഗത്തിന് ശേഷം പുറത്തിറങ്ങുന്നത്. മതവിദ്വേഷമോ സാമുദായിക സ്പര്‍ദ്ധയോ ഉണ്ടാക്കുന്ന തരത്തില്‍ ശബരിമല പ്രചാരണ ആയുധമാക്കരുതെന്ന് മാത്രമാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

പക്ഷെ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവനകളെ തളളി. ശബരിമല വിഷയം പ്രചാരണത്തിലുപയോഗിക്കാൻ കമ്മീഷന്റെ അനുമതിയില്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ സര്‍വകക്ഷി യോഗത്തിന് ശേഷം പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook