കൊച്ചി: പ്രധാന ഘടക കക്ഷികൾ അധിക സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതോടെ യുഡിഎഫിന്‍റെ ആദ്യഘട്ട സീറ്റ് ചർച്ച ധാരണയാകാതെ പിരിഞ്ഞു. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുമാണ് അധിക സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് ഇത് സാധ്യമല്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.

പ്രശ്നം പരിഹരിക്കാൻ മാർച്ച് ഒന്നിന് മുസ്ലീം ലീഗുമായും മൂന്നിന് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും ഉഭയകക്ഷി ചർച്ച നടത്തും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ ചർച്ചയ്ക്ക് നേതൃത്വം നൽകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹന്നാനുമാണ് ഇന്നത്തെ ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.

പൊന്നാനിയിലും മലപ്പുറത്തും മത്സരിക്കുന്ന മുസ്ലിം ലീഗ് പാലക്കാടോ വടകരയോ കാസർഗോഡോ വേണമെന്ന ആവശ്യത്തിലാണ്. ഇടുക്കിയാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിക്കേണ്ട ആവശ്യകത മുൻനിർത്തിയാണ് ഈ ആവശ്യം നേതാക്കൾ നിരസിച്ചത്.

മുൻപ് ജനതാദൾ യുവിന്റെ ഭാഗമായിരുന്നപ്പോൾ എംപി വീരേന്ദ്രകുമാറാണ് പാലക്കാട് മത്സരിച്ചത്. വടകരയിൽ ഇക്കുറി മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കില്ലെന്ന് ഉറപ്പായി. കാസർഗോഡ് സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നാണ്. ഇടുക്കിയിൽ ശക്തമായ സ്വാധീനം തങ്ങൾക്കുണ്ടെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ വാദം.

സീറ്റ് വിഭജന ചർച്ചകൾ കാലതാമസമില്ലാതെ പരിഹരിക്കാനാണ് യുഡിഎഫിൽ ശ്രമം. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട സിഎംപിക്ക് കോൺഗ്രസ് മറുപടി നൽകിയിട്ടില്ല. ഘടകകക്ഷികളുടെ ആവശ്യം ന്യായമാണെന്നും എന്നാൽ ഇക്കുറി കോൺഗ്രസ് അധികാരത്തിലെത്തേണ്ട സാഹചര്യമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നത്തെ യോഗത്തിൽ പറഞ്ഞത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.