/indian-express-malayalam/media/media_files/uploads/2019/03/P-Jayarajan.jpg)
കൊയിലാണ്ടി: കഴിഞ്ഞ രണ്ട് വട്ടവും കൈവിട്ട വടകര ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ സിപിഎം നിയോഗിച്ച സ്ഥാനാർത്ഥി പി.ജയരാജന് വധഭീഷണി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ വധിക്കുമെന്നുമാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്.
കൊയിലാണ്ടിയിൽ ഇന്നലെ തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. സിപിഎമ്മിന്റെ കണ്ണൂരിലെ ജനകീയ മുഖമാണ് മുൻ ജില്ലാ സെക്രട്ടറിയായ പി.ജയരാജൻ. വടകരയിൽ സ്ഥാനാർത്ഥിയായതോടെയാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
വടകരയിൽ പി.ജയരാജൻ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയാണെന്നാണ് വിലയിരുത്തൽ. മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎമ്മിന് ഇക്കുറി സാധിച്ചേക്കുമെന്നും രാഷ്ട്രീയ വിദഗ്‌ധർ പറയുന്നു. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പി.ജയരാജൻ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ഉടൻ തന്നെ പര്യടനം ആരംഭിച്ചിരുന്നു. അതിനാൽ തന്നെ എതിരാളികളെ ഇതിനോടകം ബഹുദൂരം പിന്നിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതിനിടെയാണ് ഭീഷണി കോൾ വന്നത്.
വടകരയിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറണമെന്നാണ് ഫോണിൽ വിളിച്ചയാൾ ആവശ്യപ്പെട്ടത്. മത്സരിക്കാൻ തീരുമാനിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തൽ. ഇന്റർനെറ്റ് കോൾവഴിയാണ് ഭീഷണി എത്തിയത്. വടകരയിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എൻ.ഷംസീർ എംഎൽഎ കോഴിക്കോട് റൂറൽ എസ്പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.