തിരുവനന്തപുരം: ആറ് എംഎല്‍എമാരെയാണ് എല്‍ഡിഎഫ് ഇത്തവണ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. മുന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും അതിനാല്‍, വിജയസാധ്യതയുള്ള എംഎല്‍എമാരെ പോലും കളത്തിലിറക്കുമെന്നും നേരത്തെ തന്നെ മുന്നണി വ്യക്തമാക്കിയിരുന്നു.

ആറ് എംഎല്‍എമാരെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇത്തവണ മത്സരത്തിന് ഇറക്കുന്നത്. സിപിഎമ്മില്‍ നിന്ന് നാല് എംഎല്‍എമാരും സിപിഐയില്‍ നിന്ന് രണ്ട് എംഎല്‍എമാരും.

Read: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരത്ത് മത്സരിക്കുന്ന സി.ദിവാകരനും മാവേലിക്കരയിൽ മത്സരിക്കുന്ന ചിറ്റയും ഗോപകുമാറുമാണ് സിപിഐയുടെ എംഎല്‍എമാര്‍. നെടുമങ്ങാട് നിന്നുള്ള എംഎല്‍എയാണ് ദിവാകരന്‍. തിരുവനന്തപുരം ജില്ലയില്‍ ദിവാകരനുള്ള സ്വാധീനമാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്. 2011 മുതല്‍ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിന്നുള്ള സിപിഐയുടെ എംഎല്‍എയാണ് ചിറ്റയം ഗോപകുമാര്‍. ചിറ്റയത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലേക്ക് സിപിഐ പരിഗണിച്ചത്.

Read: സമ്പത്തിന് നാലാം ഊഴം; ഹാട്രിക് സ്വന്തമാക്കാന്‍ ബിജുവും രാജേഷും

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത് നാല് എംഎല്‍എമാരാണ്. പൊന്നാനിയില്‍ ജനവിധി തേടുന്ന പി.വി.അന്‍വര്‍ നിലമ്പൂരില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ്. ആലപ്പുഴയില്‍ സിപിഎമ്മിനായി മത്സരിക്കുന്നത് അരൂര്‍ എംഎല്‍എയായ എ.എം.ആരിഫാണ്. നിലവില്‍ കോണ്‍ഗ്രസിന്റെ മണ്ഡലമായ ആലപ്പുഴയില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ആരിഫിന് സാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത് വീണാ ജോര്‍ജ് എംഎല്‍എയാണ്. നിലവില്‍ ആറന്‍മുള എംഎല്‍എയാണ് വീണാ ജോര്‍ജ്. കോഴിക്കോട് എംഎല്‍എയായ എ.പ്രദീപ് കുമാര്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു. കോണ്‍ഗ്രസിന്റെ എം.കെ.രാഘവനാണ് നിലവില്‍ കോഴിക്കോട് എംപി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ