ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്നറിയാന്‍ കേരളം കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഈ സാഹചര്യത്തില്‍ തീരുമാനം എടുക്കാന്‍ ഇനിയും വൈകില്ലെന്നും തീരുമാനം ഉടനെ തന്നെയുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

രാഹുലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഇടപെടലുണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനത്തില്‍ ഉടനെത്തണമെന്ന് മുസ്‌ലിം ലീഗ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ വിജയ സാധ്യത കുറയുമെന്നും ലീഗ് അറിയിച്ചിരുന്നു.

Read More: ‘വന്നാലും വന്നില്ലേലും വേഗം പറയണം’; വയനാട്ടില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്‌ലിം ലീഗ്

ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കാനുള്ള ആവശ്യം ന്യായമാണെന്നും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Alsoo Read: രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കും; ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ

അതേസമയം, അമേഠിയില്‍ നിന്ന് മത്സരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമോ എന്നതിലെ അനിശ്ചിതത്വം ഒരാഴ്ച തികയുമ്പോഴാണ് ആവശ്യത്തെ പിന്തുണച്ചുള്ള രാഹുലിന്റെ പ്രതികരണം. ദക്ഷിണേന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന ആവശ്യം ഉയരാന്‍ കാരണം മോദിയാണെന്ന് ഒരു ഹിന്ദി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയില്‍ സ്നേഹത്തിന്റെ പാതയുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.