കണ്ണൂർ: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നുവെന്നും, നല്ലൊരു ഓഫർ കിട്ടിയപ്പോൾ തിരികെ വന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.സുധാകരനെതിരെയാണ് മുഖ്യമന്ത്രിയുടെ ഒളിയമ്പ്.

“ഒരാൾ ബിജെപിയിലേക്ക് പോയെന്ന് വാർത്തകൾ കേട്ടു. പിന്നീടിയാളെ വാഗ്‌ദാനങ്ങൾ നൽകി തിരികെ കൊണ്ടുവന്നു. ഇനിയും ബിജെപിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഇദ്ദേഹം തിരികെ പോകില്ലെന്ന് എന്താണ് ഉറപ്പ്?” മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ.

കണ്ണൂരിൽ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വോട്ട് ചെയ്ത ശേഷം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ വിശ്വസ്തരായവരെ മാത്രമേ ലോക്‌സഭയിലേക്ക് അയക്കാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുന്നുവെന്ന് വിമർശിച്ച മുഖ്യമന്ത്രി ഇത്രയും നാണംകെട്ട പാർട്ടിയെ വേറെ കാണാനില്ലെന്നും പറഞ്ഞു. കണ്ണൂരിൽ ഇടതുമുന്നണി സംഘടിപ്പിച്ച മറ്റൊരു പരിപാടിയിലായിരുന്നു ഇത്. ബിജെപിയിലേക്ക് ചേക്കേറുന്ന നേതാക്കളെ വലിയ ഓഫർ നൽകിയാണ് കോൺഗ്രസ് പിടിച്ചു നിർത്തുന്നത്. സീറ്റുകളിൽ വിജയം ഉറപ്പാക്കാൻ എസ്‌ഡിപിഐയുമായും ആർഎസ്എസുമായും കോൺഗ്രസ് സഹകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.