തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് കോണ്‍ഗ്രസ് മേല്‍ക്കൈ എടുക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളോടാണ് ജോസഫ് ഈ ആവശ്യം ഉന്നയിച്ചത്. കെ.എം. മാണിയുമായും ജോസ് കെ. മാണിയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് വഴി കണ്ടത്തണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ജോസഫ് ഉപാധികള്‍ മുന്നോട്ട് വച്ചത്.

Read More: ‘ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചതാണോ തെറ്റ്’; നിലപാടിലുറച്ച് ജോസ് കെ.മാണി

തല്‍ക്കാലം താന്‍ പാര്‍ട്ടിയില്‍ തുടരാം. എപ്പോള്‍, പാര്‍ട്ടി വിട്ടു വന്നാലും മുന്നണിയില്‍ ഇടം നല്‍കണമെന്നും ജോസഫ് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, കോട്ടയത്ത് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയം സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം കേരളാ കോണ്‍ഗ്രസിനുള്ളില്‍ പരസ്യമാക്കിയിരിക്കുകയാണ് പി.ജെ. ജോസഫ്. മാണി ഗ്രൂപ്പും ജോസഫ് വിഭാഗവും തമ്മില്‍ സീറ്റുമായി ബന്ധപ്പെട്ട പരസ്പരം വിമര്‍ശനമുന്നയിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇത് മുന്നണിക്ക് തന്നെ ക്ഷീണമാകുമെന്ന പൊതുവിലയിരുത്തലില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുന്നത്. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ