ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരടക്കം അഞ്ച് സീറ്റിൽ ബിഡിജെഎസ് മത്സരിക്കും. സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളിയാണ് തൃശ്ശൂർ സീറ്റിൽ മത്സരിക്കുക. ബിജെപി നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് ഒടുവിൽ തുഷാർ വഴങ്ങുകയായിരുന്നു.
തുഷാർ തൃശ്ശൂരിൽ സ്ഥാനാർത്ഥിയാകുന്നതിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും അനുകൂല നിലപാടെടുത്തെന്നാണ് വിവരം. നാളെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
തൃശ്ശൂരിന് പുറമെ വയനാട്, ആലത്തൂർ, ഇടുക്കി, മാവേലിക്കര സീറ്റുകളാണ് ബിഡിജെഎസിന് വിട്ടുകൊടുത്തത്. മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ, ആലത്തൂരിൽ ടി.വി.ബാബു, വയനാട്ടിൽ ആന്റോ അഗസ്റ്റിൻ എന്നിവരെ മത്സരിപ്പിക്കാനാണു ധാരണ.
കോട്ടയം സീറ്റിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥി പി.സി.തോമസാണ് മത്സരിക്കുന്നത്. ബാക്കി 14 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെന്നും സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള അറിയിച്ചു.