ന്യൂഡല്‍ഹി: വടകര ലോകസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നു വൈകിട്ടോടെ പുറത്തു വിട്ട പട്ടികയിലാണ് മുരളീധരന്റെ പേരുള്ളത്. മറ്റൊരു പേര് ജമ്മു കശ്മീരിലെ അനന്തനാഗിലെ സ്ഥാനാര്‍ത്ഥി ഗുലാം അഹമ്മദ് മീറിന്റെ പേരാണ്.

വടകരയില്‍ മുരളീധരന്‍ മത്സരിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. മുരളീധരന്‍ പ്രചരണവും ആരംഭിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാടും വടകരയും ഇടം പിടിക്കാതെ വന്നതോടെ പ്രവര്‍ത്തകര്‍ ആശങ്കയിലാവുകായിരുന്നു. ഈ ആശങ്കകള്‍ക്കാണ് ഇന്ന് കോണ്‍ഗ്രസ് മറുപടി നല്‍കിയത്.

മുരളീധരന്റെ പ്രഖ്യാപനത്തിന് മുമ്പ്, വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചതായി എ.കെ. ആന്റണി പ്രഖ്യാപിച്ചു.

അതേസമയം, രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് യെച്ചൂരി ചോദിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം തങ്ങളുടെ മുന്‍ഗണന എന്താണെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.