തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. പുറത്തിറക്കിയാലുടനെ തന്നെ പ്രകടന പത്രികയുടെ ഒരു കോപ്പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു.

പത്രികയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശമില്ലെന്ന് സാക്ഷ്യപത്രവും നല്‍കണം. ഭരണഘടനയുടെ ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തരുത്. തിരഞ്ഞെടുപ്പ് തീയതിക്ക് 48 മണിക്കൂര്‍ മുമ്പ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കണം. ഇതിനു ശേഷം പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Read More: നാല് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ട്: മുല്ലപ്പള്ളി രാമചന്ദ്രൻ

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയില്‍ നാല് മണ്ഡലങ്ങളെ മാറ്റി നിര്‍ത്തിയിരുന്നു. ഈ നാല് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകുമെന്നാണ് കരുതുന്നത്. വയനാട് സീറ്റിനെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്.

കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. വയനാട് സീറ്റില്‍ ടി.സിദ്ദിഖിനെ മത്സരിപ്പിക്കണെമന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഷാനിമോള്‍ ഉസ്മാനും ഈ സീറ്റില്‍ രംഗത്തുള്ളതാണ് കോണ്‍ഗ്രസിന് മുഖ്യ തലവേദനയാകുന്നത്. ഷാനിമോള്‍ ഉസ്മാന് ആലപ്പുഴ സീറ്റ് നല്‍കാമെന്ന നീക്കത്തോട് എ ഗ്രൂപ്പ് വഴങ്ങിയിട്ടില്ല.

ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. വൈകിട്ടോടെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അറിയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ