ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പെരുമാറ്റച്ചട്ടവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശബരിമല വിഷയത്തെ പ്രചാരണ ആയുധമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം പാര്‍ട്ടികളെ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്നും ചൊവ്വാഴ്ച ഇക്കാര്യം പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സാമുദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു

സ്ഥാനാര്‍ത്ഥികളുടെ ആകെ ചെലവുപരിധി 70 ലക്ഷമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് മലപ്പുറം ജില്ലയില്‍. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. കേരളത്തില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ് നടക്കുക. മേയ് 23 ന് ഫലം പുറത്തുവരുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാംഘട്ടമാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടെയാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ