ന്യൂഡൽഹി: ഇടതുപാർട്ടികളിൽ പ്രധാനിയായ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കേന്ദ്ര കമ്മിറ്റി പുറത്തിറക്കി. ആകെ 12 സംസ്ഥാനങ്ങളിലെ 45 സീറ്റുകളിലേക്കുളള പട്ടികയാണ് പുറത്തുവിട്ടത്.

ഇവയിൽ വെസ്റ്റ് ബംഗാളിലും കേരളത്തിലും 16 വീതം സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് വനിതാ സ്ഥാനാർത്ഥികളുളളത്.

കേരളത്തിൽ ഇടുക്കി, പൊന്നാനി എന്നിവിടങ്ങളിലെ സ്വതന്ത്രരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് 14 ഇടത്തെയും സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നത്തിലാവും മത്സരിക്കുക.  ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Read: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി

തമിഴ്‌‌നാട്ടിൽ രണ്ട് സീറ്റിലാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി മധുരയിലും കോയമ്പത്തൂരിലുമാണ് പാർട്ടി സ്ഥാനാർത്ഥികൾ ഇക്കുറി മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ട ത്രിപുരയിലെ രണ്ട് സീറ്റിലെ പാർട്ടി സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

പുറത്തുവിട്ട പട്ടികയിൽ 45 പേരിൽ അഞ്ച് പേർ മാത്രമാണ് വനിതകൾ. ആകെയുളളതിന്റെ ഏതാണ്ട് 11 ശതമാനം വരുമിത്. കേരളത്തിൽ കണ്ണൂരിൽ പി.കെ.ശ്രീമതി, പത്തനംതിട്ടയിൽ വീണ ജോർജ് എന്നിവരാണ് പാർട്ടിയുടെ വനിതാ സ്ഥാനാർത്ഥികൾ.

വെസ്റ്റ് ബംഗാളിൽ സൗത്ത് കൊൽക്കത്തയിൽ ഡോ. നന്ദിനി മുഖർജി, ഉലുബെരിയ മണ്ഡലത്തിൽ ഡോ.മക്‌സുദ ഖട്ടുൺ, റണാഘട്ടിൽ രമ ബിശ്വാസ് എന്നിവരാണ് സ്ഥാനാർത്ഥികൾ. ബംഗാളിലെ തന്നെ റായ്‌ഗഞ്ച് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഹമ്മദ് സലീം മാത്രമാണ് സ്ഥാനാർത്ഥിപട്ടികയിലെ ഏക പൊളിറ്റ് ബ്യൂറോ അംഗം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook