തിരുവനന്തപുരം: ഇടുക്കി സീറ്റിൽ യുഡിഎഫ് സ്വതന്ത്രനായി പി ജെ ജോസഫ് മത്സരിക്കുമെന്ന വാർത്തകൾ തളളി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടുക്കിയിലും വടകരയിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെയാവും മത്സരിക്കുകയെന്നും മറ്റാർക്കും സീറ്റുകൾ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് മണ്ഡലത്തിൽ കെസി വേണുഗോപാൽ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാന്റാണ് തീരുമാനം കൈക്കൊളളുകയെന്നും അദ്ദേഹം വ്യക്തമാക്കി. നാളെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പുറപ്പെടുവിക്കുന്നത്. ഉമ്മൻചാണ്ടി മത്സരിക്കുമോയെന്നത് മുല്ലപ്പളളി തുറന്നുപറഞ്ഞില്ല. എന്നാൽ ഉമ്മൻ ചാണ്ടിയടക്കമുളള മുതിർന്ന നേതാക്കൾ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാന്റാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മുല്ലപ്പളളി രാമചന്ദ്രനും, ഉമ്മൻ ചാണ്ടിയും, കെസി വേണുഗോപാലും ഇക്കുറി മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് വിവരം. ഇന്നലെ രാഹുൽ ഗാന്ധിയോട് മൂവരും ഇക്കാര്യം ആവർത്തിച്ചതായി വാർത്തകളുണ്ട്.

ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. സ്ക്രീനിങ് കമ്മിറ്റിയോഗത്തിലേക്ക് എറണാകുളത്തെ സിറ്റിങ് എംപി കെവി തോമസിനെ വിളിപ്പിച്ചിട്ടുണ്ട്.

Read More: പിജെ ജോസഫിന് ഇടുക്കി സീറ്റ് നൽകി പ്രശ്‌നം പരിഹരിക്കാൻ നീക്കം

കേരള  കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഇടുക്കിയിൽ പിജെ ജോസഫിനെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കുമെന്ന വാർത്തകളാണ് ഇന്നലെ പുറത്തുവന്നത്. ജോസഫ് ഇടുക്കി സീറ്റ് ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ നടന്നതായും മുല്ലപ്പള്ളി പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇതിനുവേണ്ടി ഇടുക്കി സീറ്റ് വിട്ട് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി. സീറ്റിന്റെ കാര്യത്തില്‍ പി.ജെ. ജോസഫിന് കോണ്‍ഗ്രസ് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

പക്ഷെ പിജെ ജോസഫ് ഇപ്പോഴും ശുഭപ്രതീക്ഷ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഇപ്പോഴും ശുഭപ്രതീക്ഷയിലാണെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു. നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് തൊടുപുഴയില്‍ കൂട്ടിച്ചേര്‍ത്തു.

ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ ജോസ് കെ. മാണി സ്വാഗതം ചെയ്തു. ഇടുക്കിയില്‍ ജോസഫിന് വിജയസാധ്യതയുണ്ടെന്നും പാര്‍ട്ടിക്ക് സന്തോഷമാണുള്ളതെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

ഇടുക്കി സീറ്റ് ജോസഫിന് നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സീറ്റ് കോണ്‍ഗ്രസ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.