ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാല് സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം നാളെ മാത്രമേ ഉണ്ടാകൂ.
കേരളത്തിൽ നിന്നുളള നേതാക്കളോട് ഇതിനാൽ ഡൽഹിയിൽ തന്നെ തുടരാൻ ഹൈക്കമാന്റ് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലുളള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയോട് ഡൽഹിയിലേക്ക് എത്താൻ നേതൃത്വം ആവശ്യപ്പെട്ടു.
വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് പുറത്തുവരേണ്ടത്. ഷാനിമോൾ ഉസ്മാനും ടി സിദ്ധിഖും വയനാട് സീറ്റ് ലക്ഷ്യം വയ്ക്കുന്നുണ്ട്. വയനാട് ഇല്ലെങ്കിൽ ആലപ്പുഴ സീറ്റിൽ ഷാനിമോളെ മത്സരിപ്പിക്കേണ്ടി വരും. എന്നാൽ ഇവിടേക്ക് ഒരു ഈഴവ സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം.
വയനാട് മണ്ഡലത്തെച്ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പുകളുടെ തർക്കമാണു നാലു സീറ്റിലേയും സ്ഥാനാർഥി പ്രഖ്യാപനം വൈകിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പാണ് വയനാട് സീറ്റിൽ സിദ്ധിഖിനെ മത്സരിപ്പിക്കണം എന്ന് വാദിക്കുന്നത്. ഐ ഗ്രൂപ്പ് ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കിയതിൽ കാസർഗോഡ് കോൺഗ്രസ് പാർട്ടിക്കകത്ത് തർക്കങ്ങൾ ഉടലെടുത്തു. ജില്ലയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുന്നതിൽ ജില്ല പ്രസിഡന്റ് ഹക്കീം കുന്നിലിന് വീഴ്ച പറ്റിയെന്ന് വിമർശനം ഉയർന്നു. സീറ്റ് നിർണയത്തിൽ തർക്കങ്ങളില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.