കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വൈദികര്‍ ഇടപെടരുതെന്ന മുന്നറിയിപ്പുമായി ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വൈദികര്‍ക്കയച്ച പ്രത്യേക സര്‍ക്കുലറിലാണ് രാഷ്ട്രീയം സഭയുടെ വഴിയല്ലെന്നും വൈദികര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി ബിഷപ്പും കത്തോലിക്കാ സഭയും ഇടുക്കി എംപിയായ ജോയ്സ് ജോര്‍ജിനു വേണ്ടി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ ബിഷപ്പ് സമദൂര നിലപാടുമായി രംഗത്തെത്തുന്നത്.
‘തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുന്ന സാഹര്യത്തില്‍ ഇരു ഭാഗത്തു നിന്നുമുണ്ടാകുന്ന വാഗ്വാദങ്ങള്‍ ഏല്ലാവരെയും ദോഷകരമായി ബാധിക്കുന്നവയാണ്. ആത്മീയ നേതാക്കളെന്ന നിലയില്‍ നാം യാതാരുകാരണവശാലും ഏതെങ്കിലും പക്ഷത്തിന് അനുകൂലമായി നിലയുറപ്പിക്കാന്‍ പാടില്ല. നമ്മുടെ ആളുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു കാരണവശാലും രാഷ്ട്രീയത്തില്‍ ഇടപടേണ്ടതില്ല. നമ്മുടെ ആളുകള്‍ തിരഞ്ഞെടുപ്പില്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവുണ്ട്.’
വിശദമായ തിരഞ്ഞെടുപ്പ് വാർത്തകൾ
‘ഒരുമയും സേവനവും എന്നതാണ് നമ്മുടെ ദൗത്യം. അതുകൊണ്ടുതന്നെ പുരോഹിതര്‍ യാതൊരു കാരണവശാലും തെരഞ്ഞെടുപ്പില്‍ ഇടപെടുകയോ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളോ ചര്‍ച്ചകളോ നടത്തുകയോ ചെയ്യരുത്,’ തിരഞ്ഞെടുപ്പു വിഷയത്തില്‍ കെസിബിസി പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളായിരിക്കണം വൈദികര്‍ പാലിക്കേണ്ടതെന്നും സര്‍ക്കുലറില്‍ എടുത്തു പറയുന്നുണ്ട്. .
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഭ കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട ഇടുക്കി മുന്‍ എംപി പിടി തോമസിനെതിരേ ഇടുക്കി ബിഷപ്പും സഭയും പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പിടി തോമസിനു പകരമായി ഡീന്‍ കുര്യാക്കോസ് എത്തിയെങ്കിലും സഭയുടെ ആശിര്‍വാദത്തോടെ 50000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോയ്സ് ജോര്‍ജ് വിജയിച്ചു കയറിയത്. തിരഞ്ഞെടുപ്പുകാലത്ത് ആശിര്‍വാദം വാങ്ങാനെത്തിയ ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് വിമര്‍ശിച്ചത് അക്കാലത്ത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.