തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കില്ല. പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കിയെങ്കിലും ഹോളി ആയതുകൊണ്ട് ഇന്ന് പ്രഖ്യാപിക്കില്ല എന്നാണ് വിവരം. വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിച്ചേക്കും.

ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള മത്സര രംഗത്തുണ്ടാകില്ല. മൂന്നംഗ ചുരുക്കപ്പട്ടികയില്‍ ശ്രീധരന്‍ പിള്ളയുടെ പേര് ഉണ്ടായിരുന്നുവെങ്കിലും സുരേന്ദ്രന് വേണ്ടി ആര്‍എസ്എസ് ശക്തമായി വാദിച്ചുവെന്നാണ് വിവരം.

Read: ബിജെപി 14 സീറ്റുകളില്‍ മത്സരിക്കും; അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ്

ആര്‍എസ്എസിന്റെ ഇടപെടലാണ് ശ്രീധരന്‍ പിളളയ്ക്ക് തിരിച്ചടിയായത്. ശബരിമല വിഷയത്തില്‍ സുരേന്ദ്രന്റെ സമരം കണക്കിലെടുത്താണ് ആര്‍എസ്എസ് അദ്ദേഹത്തെ പിന്തുണച്ചത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടക്കായിരുന്നു ബിജെപിക്കുള്ളില്‍ നേതാക്കളുടെ പിടിവലി. മണ്ഡലത്തില്‍ മത്സരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശ്രമം നടത്തിയെങ്കിലും വിജയിക്കില്ലെന്നാണ് വിവരം.

സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ സുരേന്ദ്രനായി അദ്ദേഹത്തിന്റെ അനുകൂലികള്‍ പരസ്യമായി ക്യാംപെയിന്‍ നടത്തിയിരുന്നു. പ്രവര്‍ത്തകരുടെ ഇത്തരം വികാരങ്ങളും എതിര്‍പ്പുകളുമെല്ലാം ചര്‍ച്ചയായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

Read: ബിജെപിയിലേക്ക് എത്തുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

എറണാകുളത്ത് അല്‍ഫോൺസ് കണ്ണന്താനം സ്ഥാനാർഥിയായേക്കും. ശോഭ സുരേന്ദ്രന്‍ ഇത്തവണ ആറ്റിങ്ങലില്‍ ആയിരിക്കും ജനവിധി തേടുക. പകരം പാലക്കാട് സ്ഥാനാർഥിയാകുന്നത് വി.മുരളീധരന്‍ വിഭാഗത്തിലെ സി.കൃഷ്ണകുമാര്‍ ആയിരിക്കും.

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ച് സീറ്റുകളിലും മത്സരിക്കും എന്നാണ് വിവരം. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ