ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ബിജെപി നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. തൃശൂരോ പത്തനംതിട്ടയോ കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട സീറ്റ് ലഭിച്ചാലേ മത്സരിക്കൂ എന്ന് വ്യക്തമാക്കി അൽഫോൺസ് കണ്ണന്താനം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കത്ത് നൽകി. പത്തനംതിട്ടയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.ടി.രമേശായിരുന്നു ബിജെപി സ്ഥാനാർത്ഥി. 1.38 ലക്ഷം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.
Read: ബിജെപിയിലേക്ക് എത്തുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
ഇക്കുറി മത്സരത്തിനില്ലെന്ന് എം.ടി.രമേശ് വ്യക്തമാക്കിയതും ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ ജനപിന്തുണ വർധിച്ചതുമാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം. പത്തനംതിട്ടയിലോ തൃശൂരിലോ മത്സരിക്കണമെന്നായിരുന്നു കെ.സുരേന്ദ്രന്റെ ആവശ്യം. എന്നാൽ തൃശൂർ സീറ്റിൽ ബിഡിജെഎസ് നേതാവ് തുഷാർ വെളളാപ്പളളിയെ മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. പക്ഷെ ഇതിനോട് തുഷാർ വെളളാപ്പളളി അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇതോടെ സുരേന്ദ്രൻ പത്തനംതിട്ട സീറ്റിന് പിടിമുറുക്കി. എന്നാൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളളയും സീറ്റ് ലക്ഷ്യമാക്കി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് അൽഫോൺസ് കണ്ണന്താനവും രംഗത്ത് വന്നിരിക്കുന്നത്. കുമ്മനം രാജശേഖരനെ പത്തനംതിട്ടയിൽ മത്സരിപ്പിച്ച് ഒത്തുതീർപ്പിന് ശ്രമം നടത്തിയെങ്കിലും അദ്ദേഹം പിന്മാറിയെന്നാണ് ഒടുവിലത്തെ വിവരം.