കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 38 സീറ്റുകളിലേക്കുള്ള പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുന്നതില്‍ ധാരണയിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്.
കോണ്‍ഗ്രസിനോട് 24 മണിക്കൂറിനകം പോസിറ്റീവായ പ്രതികരണം നല്‍കണമെന്നും ഇടത് മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും ബിമന്‍ ബോസ് അറിയിച്ചിട്ടുണ്ട്.
Read More: ഇന്നത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ
”ഇന്നലെ 11 സീറ്റുകളിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. അതില്‍ കഴിഞ്ഞ തവണ സിപിഎം ജയിച്ച രായ്ഗഞ്ച്, മുർഷിദാബാദ് എന്നിവിടങ്ങളും ഉള്‍പ്പെടും. തുടക്കത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ജയിച്ച ആറ് സീറ്റുകള്‍ ചര്‍ച്ചയിലില്ലായിരുന്നു. പക്ഷെ, അവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഞങ്ങള്‍ക്ക് ഞങ്ങളുടെ പട്ടിക പ്രഖ്യാപിക്കാതെ തരമില്ല. എന്നിരുന്നാലും എല്ലാം അവസാനിച്ചിട്ടില്ല. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ നാലിടത്തേക്കുള്ളവരുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. ഇത് കോണ്‍ഗ്രസില്‍ നിന്നും നല്ല പ്രതികരണം പ്രതീക്ഷിച്ചാണ്. പക്ഷെ മറിച്ചാണെങ്കില്‍ ഞങ്ങളും മറിച്ച് ചെയ്യും” ബോസ് വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ബെഹ്‌റംപൂര്‍, ജംഗിപൂര്‍, മാല്‍ഡ ഉത്തര്‍, മാല്‍ഡ ദക്ഷിന്‍ എന്നിവിടങ്ങളില്‍ നിന്നും ജയിച്ചത് കോണ്‍ഗ്രസായിരുന്നു. ഈ സീറ്റുകളാണ് ഇപ്പോള്‍ സിപിഎം ഒഴിച്ചിട്ടിരിക്കുന്നത്. റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും ജയിച്ചത് സിപിഎമ്മായിരുന്നു. എന്നാല്‍ ഈ രണ്ട് സീറ്റുകളടക്കം 11 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു.
ഇടതുപക്ഷത്തിന്റെ ആദ്യ ലിസ്റ്റില്‍ 25 സ്ഥാനാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരുന്നത്. 13 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.