ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഏഴ് സീറ്റുകൾ ഒഴിച്ചിട്ട കോൺഗ്രസിന്റെ നിലപാടിനെ തളളി മായാവതിയും അഖിലേഷ് യാദവും. എസ്‌പി-ബിഎസ്‌പി സഖ്യം ബിജെപിയെ തകർക്കാൻ പര്യാപ്തമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് മായാവതി കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കും വിധം തെറ്റായ സന്ദേശം നൽകുന്നതാണ് കോൺഗ്രസിന്റെ നീക്കമെന്ന വിമർശനം അഖിലേഷ് യാദവ് ഉന്നയിച്ചു.
കോൺഗ്രസുമായി ഉത്തർപ്രദേശിലോ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തോ ബിഎസ്‌പി സഖ്യം ഉണ്ടാക്കുന്നില്ലെന്ന് മായാവതി പറഞ്ഞിരുന്നു. “80 സീറ്റിലും മത്സരിക്കാൻ കോൺഗ്രസിന് സമ്പൂർണ സ്വാതന്ത്ര്യമുണ്ട്. ബിജെപിയെ അസ്ഥിരപ്പെടുത്താൻ ഞങ്ങളുടെ (എസ്‌പി-ബിഎസ്‌പി) സഖ്യം ധാരാളമാണ്. ഏഴ് സീറ്റ് ഒഴിച്ചിട്ട് കോൺഗ്രസ് തെറ്റായ സന്ദേശം പ്രചരിപ്പിക്കരുത്,” മായാവതി ട്വീറ്റ് ചെയ്തു.
Read: യുപി: എസ്‌പി – ബിഎസ്‌പി സഖ്യത്തിൽ അതിനിർണ്ണായകം ഈ 13 സീറ്റുകൾ
മായാവതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത അഖിലേഷ് യാദവ് ഇങ്ങിനെയാണ് പറഞ്ഞത്. “ഉത്തർപ്രദേശിൽ ബിഎസ്‌പി-എസ്‌പി-ആർഎൽഡി സഖ്യം ബിജെപിയെ പരാജയപ്പെടുത്താൻ പര്യാപ്തമാണ്. ജനങ്ങളിൽ കോൺഗ്രസ് പാർട്ടി ആശയക്കുഴപ്പം ഉണ്ടാക്കരുത്.”
ഉത്തർപ്രദേശിലെ ഏഴ് സീറ്റുകൾ എസ്‌പി-ബിഎസ്‌പി-ആർഎൽഡി സഖ്യത്തിനായി ഒഴിച്ചിടുന്നുവെന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജ് ബബ്ബാറാണ് പറഞ്ഞത്. മെയിൻപുരി, കന്നോജ്, ഫിറോസാബാദ് എന്നീ മണ്ഡലങ്ങൾ ഉൾപ്പടെയാണ് ഒഴിച്ചിട്ടത്. “അവർ ഞങ്ങൾക്ക് വേണ്ടി മൂന്ന് സീറ്റുകൾ ഒഴിച്ചിട്ടു. അവർക്ക് വേണ്ടി ഞങ്ങൾ ഏഴ് സീറ്റുകൾ ഒഴിച്ചിടുന്നു,” രാജ് ബബ്ബാർ പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 ന് ഫലം പുറത്തുവരും.