ന്യൂഡല്‍ഹി: അടുത്തമാസം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ താന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തിരികെ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാജ്വാദി പാര്‍ട്ടി-ബഹുജന്‍ സമാജ്-ആര്‍ജെഡിയുടെ മഹാഗദ്ബന്ധന്‍ സഖ്യത്തേയും അദ്ദേഹം പരിഹസിച്ചു. അവസരം തേടുന്ന സഖ്യത്തിന് ശക്തിയില്ലാത്ത സര്‍ക്കാരിനെയാണ് വേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ കന്നൗജില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ഏപ്രില്‍ 29നാണ് കന്നൗജില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി എസ്പിയുടെ ശക്തിപ്രദേശമാണ് കന്നൗജ്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ എസ്പി തോറ്റിട്ടില്ല.
‘മെയ് 23ന് പ്രതിപക്ഷത്തിന്റെ ഗെയിം ഓവര്‍ ആകും. സര്‍ക്കാര്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കിയ സ്ത്രീകളാണ് ഇന്ന് മോദിക്ക് വേണ്ടി പ്രചരണം നടത്തുന്നത്. വീട്ടില്‍ ശൗച്ചാലയം ലഭിച്ച പെണ്‍കുട്ടികളാണ് പ്രചരണം നടത്തുന്നത്. പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിച്ചവരാണ് പ്രചരണം നടത്തുന്നത്. നേരിട്ട് പണം ലഭിച്ച കര്‍ഷകരാണ് പ്രചരണം നടത്തുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു. മെയ് 23ന് ചരിത്രം സൃഷ്ടിക്കപ്പെടുമെന്നും എസ്പിയുടെ രാഷ്ട്രീയ പൊളളത്തരം പുതിയ തലമുറ പോലും മനസ്സിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.