കൽപറ്റ: വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ. ആദിവാസി ഗോത്രമഹാസഭ പ്രസ്താവനയിലൂടെയാണ് പിന്തുണ അറിയിച്ചത്. അതേസമയം, കര്‍ഷകരെ അണിനിരത്തി വയനാട്ടില്‍ കോണ്‍ഗ്രസിനെ നേരിടാനാണ് എല്‍ഡിഎഫിന്റെ നീക്കം. യുപിഎ സര്‍ക്കാരിന്റേത് കര്‍ഷക ദ്രോഹ നയങ്ങളായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. പുല്‍പളളിയിലും നിലമ്പൂരിലും പ്രതീകാത്മക ലോങ് മാര്‍ച്ച് നടത്തും. ഏപ്രിൽ 12നും 13നും ആണ് മാര്‍ച്ച് നടക്കുക.

അതേസമയം, കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തിരുത്താൻ ആവശ്യപ്പെടുമെന്ന് ആദിവാസി ഗോത്രമഹാസഭ അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ആദിവാസി, ദലിത് വിഭാഗങ്ങളെ നിരാശപ്പെടുത്തുന്നതാണെന്ന് ഗോത്രമഹാസഭ കുറ്റപ്പെടുത്തി.

Read: വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിക്കാനും പ്രകടനപത്രിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടാനും ഏപ്രില്‍ 13ന് വയനാട് മണ്ഡലത്തില്‍ ആദിവാസി-ദലിത്-ബഹുജന്‍ കൺവെന്‍ഷന്‍ സംഘടിപ്പിക്കും. ഗോത്രമഹാസഭയുടെ ആവശ്യങ്ങള്‍ എഐസിസിക്കും യുപിഎ, കെപിസിസി നേതൃത്വങ്ങള്‍ക്കും നല്‍കും.

പ്രകടനപത്രിക പരിഷ്‌കരിക്കണമെന്ന് യുപിഎയോടും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോടും ആവശ്യപ്പെടുമെന്ന് ഗോത്രമഹാസഭ പ്രസ്താവനയില്‍ അറിയിച്ചു. ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ജി.ഗോമതി, എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന ചിഞ്ചു, അശ്വതി എന്നിവരേയും ഗോത്രമഹാസഭ പിന്തുണയ്ക്കും.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.