തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സംസ്ഥാനത്ത് പാളിച്ച ഉണ്ടായിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് നിരീക്ഷകരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചരണങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ പരാതി നൽകിയിട്ടില്ല. തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷികനെ നിയമിച്ചത് അധിക ശ്രദ്ധയുണ്ടാകാനാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മല്‍സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുന്നുണ്ട്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ നേതൃത്വത്തില്‍ രാവിലെ കെ.പി.സി.സി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കള്‍ പങ്കെടുക്കും. എം.എല്‍.എമാര്‍, കെ.പി.സി.സി മെമ്പര്‍മാര്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഓരോ മണ്ഡലങ്ങളിലെയും പ്രവര്‍ത്തനം പ്രത്യേകം പരിശോധിക്കും. വീഴ്ചകള്‍ പരിഹരിക്കാനുള്ള നിര്‍ദേശവും ഉണ്ടാവും. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഹൈക്കമാന്‍ഡ് നല്കിയ നാന പട്ടോളെയും അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്തെത്തും. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച പട്ടോളെയുടെ തന്ത്രങ്ങള്‍ തിരുവനന്തപുരത്ത് തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് കരുതുന്നത്. മുന്‍ ആര്‍എസ്എസ് നേതാവ് കൂടിയായ നാനാ പട്ടോളെയ്ക്ക് ആര്‍എസ്എസ് തന്ത്രങ്ങള്‍ക്ക് മറുതന്ത്രങ്ങള്‍ മെനയാന്‍ കഴിയുമെന്നതിനാലാണ് തിരുവനന്തപുരത്തെ പ്രചാരണങ്ങളുടെ ചുക്കാന്‍ ഏല്പിച്ചത്. അടുത്തദിവസംതന്നെ നാനാ പട്ടോള തിരുവനന്തപുരത്തെത്തും.
മുകുള്‍ വാസ്നികിന്റെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേരും. എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സാധ്യമാകുന്ന നേതാക്കളോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.