ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വിവാദങ്ങള്‍ക്കും തുടക്കമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന അമേഠിയില്‍ വോട്ടുപിടിത്തമാണ് നടക്കുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. അമേഠിയില്‍ വോട്ടര്‍മാരെ ബലം പ്രയോഗിച്ചാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും രാഹുലിന്റെ അറിവോടെയാണ് വോട്ടുപിടിത്തം നടക്കുന്നതെന്നും സ്മൃതി ഇറാനി ആഞ്ഞടിച്ചു.
അമേഠിയിലെ ബൂത്തുകള്‍ കോണ്‍ഗ്രസ് പിടിച്ചടക്കിയെന്നും, ബൂത്തുകളില്‍ വോട്ടുപിടിത്തമാണ് നടക്കുന്നതെന്നും സ്മൃതി ഇറാനി ആരോപിച്ചു. ഇത് സംബന്ധിച്ച് ജനങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയും പുറത്തു വിട്ടു. താമരയില്‍ വോട്ട് ചെയ്യാനാണ് താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ പ്രിസൈഡിങ് ഓഫീസര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഒരു വൃദ്ധ പറയുന്ന വീഡിയോ ഉള്‍പ്പെടെ വോട്ടര്‍മാര്‍ പരാതി പറയുന്ന വീഡിയോയും ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ടു.
Alert @ECISVEEP Congress President @RahulGandhi ensuring booth capturing. https://t.co/KbAgGOrRhI
— Chowkidar Smriti Z Irani (@smritiirani) May 6, 2019
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ കശ്മീരിലും പശ്ചിമ ബംഗാളിലും അക്രമം. ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള ഒരു പോളിങ് ബൂത്തില്‍ ഗ്രനേഡ് ആക്രമണമുണ്ടായി. ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗാളിലെ ബാരക്പുരില്‍ ബിജെപി സ്ഥാനാർഥിക്ക് നേരെ ആക്രമണമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ ബിജെപി സ്ഥാനാർഥി സ്ത്രീകളോട് മോശമായാണ് പെരുമാറിയതെന്നായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകരുടെ ആരോപണം.
അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങളിലാണ് അഞ്ചാംഘട്ടത്തിലെ തിരഞ്ഞെടുപ്പ്. യുപിയില്‍ പതിനാലും രാജസ്ഥാനില്‍ പന്ത്രണ്ടും ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠിയടക്കം ശ്രദ്ധേയമായ നിരവധി മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലക്നൗവുമാണ് ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ട മറ്റ് രണ്ട് മണ്ഡലങ്ങള്‍. ഇവയടക്കം യുപിയിലെ 14 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബിഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.