കൊച്ചി: ആലത്തൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ സ്ത്രീപക്ഷനിലപാടുകളില്‍ വിട്ടുവീഴ്ചയില്ല. വിജയരാഘവന്റെ പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും യെച്ചൂരി കൊച്ചിയില്‍ പറഞ്ഞു.
Read: രമ്യ ഹരിദാസിനെതിരെ അധിക്ഷേപം: വിജയരാഘവനെതിരായ പരാതി ഐജിക്ക് കൈമാറി
പരാമർശത്തെ കുറിച്ച് വ്യക്തമായ അറിവില്ല. സ്ത്രീപക്ഷ നിലപാടുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നതാണ് സിപിഎം നയം. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പ്രചാരണത്തിന്റെ കാര്യം സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എ.വിജയരാഘവനെതിരായ പരാതി ഐജിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഇന്ന് രമ്യ ഹരിദാസിന്റെ മൊഴിയെടുക്കും.