മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പ്രകടനം കാഴ്ച്ച വെച്ചാണ് ഭരണത്തിലേറുന്നത്. ബിജെപിയുടെ തീപ്പൊരി നേതാക്കളൊക്കെയും വിജയിച്ച് കയറുകയാണ്. മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂറും ആ പട്ടികയിലുണ്ട്. ഭോപ്പാലില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‍വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യയുടെ കുതിപ്പ്. തന്നില്‍ വിശ്വാസം അര്‍പിച്ചതിന് നന്ദിയെന്ന് പ്രഗ്യ പ്രതികരിച്ചു. ‘എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി. അധര്‍മ്മത്തിന് മേല്‍ ധര്‍മ്മത്തിന്റെ വിജയമാണിത്,’ പ്രഗ്യാ സിങ് പറഞ്ഞു.
1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബിജെപി ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യ സിങ് ദേശീയതയ ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസി്ല്‍ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ് ഉളളത്.
ഈ ആഴ്ചയില്‍ കേസിലെ പ്രതികളെ ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ അഭിഭാഷകര്‍ ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ അപേക്ഷ സ്വീകരിച്ച് കോടതി ഇളവ് നല്‍കുകയായിരുന്നു.
Read More: ‘ഇനി വാ തുറക്കില്ല’; പ്രഗ്യ സിങ് ഠാക്കൂർ മൗനവ്രതത്തിൽ
തന്റെ അഭിഭാഷകരായ ജെ.പി മിശ്ര, പ്രശാന്ത് മഗ്ഗു എന്നിവര്‍ വഴിയാണ് പ്രഗ്യാ സിങ് അപേക്ഷ സമര്‍പ്പിച്ചത്. ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തനിക്ക് ചെയ്തു തീര്‍ക്കാന്‍ ചില കാര്യങ്ങള്‍ ഉണ്ടെന്നും, മെയ് 23ന് വോട്ടെണ്ണല്‍ ആയതിനാല്‍ തന്റെ കൗണ്ടിങ് ഏജെന്റിനെ നാമനിര്‍ദ്ദേശം ചെയ്യുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 22ഓടെ തീര്‍ക്കണമെന്നും പ്രഗ്യാ സിങ് അറിയിച്ചു. വോട്ടെണ്ണല്‍ ദിനത്തിലും തൊട്ടടുത്ത ദിവസവും താന്‍ തിരക്കിലായിരിക്കും എന്നെല്ലാം പ്രഗ്യാ സിങ് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.
കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികളും ഹാജരാകണമെന്നാണ് കോടതി കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
പിന്നീട് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉടനീളം ഹിന്ദുത്വ വാദമായിരുന്നു പ്രഗ്യാ സിങ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണെന്നും അത്കൊണ്ടാണ് താന്‍ ഹിന്ദുത്വം ഉയര്‍ത്തി പിടിക്കുന്നത് എന്നും പ്രഗ്യ അവകാശപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡ്സെ രാജ്യസ്നേഹി ആണെന്നും പറഞ്ഞ് ഇവര്‍ വിവാദം ഉയര്‍ത്തി. പിന്നീട് ഇതിന് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പ്രഗ്യാ സിങ്ങിന് ഒരിക്കലും മാപ്പ് നല്‍കില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചുകൊണ്ടിരുന്ന മലേഗാവ് കേസ് ഏപ്രില്‍ 2011നാണ് എന്‍ ഐ എ ക്കു കൈമാറുന്നത്. 2009 സെപ്റ്റംബര്‍ 29നു മലേഗാവില്‍ ആറു പേരുടെ മരണത്തിനു കാരണമായ ബോംബ് വെച്ച രാംജി കല്‍സംഗ്ര എന്നയാള്‍ക്ക് ബൈക്ക് നല്‍കി എന്നായിരുന്നു സാധ്വിക്കെതിരായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ പ്രധാന ആരോപണം. കല്‍സംഗ്ര ഇപ്പോഴും ഒഴിവിലാണ്. ഇതിനു പുറമേ, മലേഗാവ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി ഭോപാലില്‍ ചേര്‍ന്ന ഗൂഡാലോചനാ യോഗത്തിലും സാദ്വി പങ്കാളിയാണ് എന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആരോപിച്ചിരുന്നത്.