കാസർഗോഡ്: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വരണാധികാരിയായ ജില്ലാ കളക്ടർക്ക് ഇന്ന് മറുപടി നൽകും. അഡ്വ. സികെ ശ്രീധരനാണ് ഉണ്ണിത്താന് വേണ്ടി മറുപടി തയ്യാറാക്കിയിരിക്കുന്നത്.
ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് എൽഡിഎഫാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ നോഡൽ ഓഫീസർ രാജ്മോഹൻ ഉണ്ണിത്താൻ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കളക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ഈ മാസം എട്ടിന് പയ്യന്നൂരില്‍ നടത്തിയ പ്രസംഗമാണ് ഉണ്ണിത്താന് വിനയായത്.
ശബരിമല വിഷയത്തില്‍ തന്റെ ഭാര്യ പോലും നിലവിളിച്ച് കരഞ്ഞെന്ന് പറഞ്ഞായിരുന്നു ഉണ്ണിത്താന് ശബരിമലയെ കുറിച്ച് വിവാദ പ്രസംഗം നടത്തിയത്. സര്‍ക്കാര്‍ നടപടി വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.