ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കാനുള്ള ആവശ്യം ന്യായമാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അതേസമയം, അമേഠിയില്‍ നിന്ന് മത്സരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമോ എന്നതിലെ അനിശ്ചിതത്വം ഒരാഴ്ച തികയുമ്പോഴാണ് ആവശ്യത്തെ പിന്തുണച്ചുള്ള രാഹുലിന്റെ പ്രതികരണം. ദക്ഷിണേന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന ആവശ്യം ഉയരാന്‍ കാരണം മോദിയാണെന്ന് ഒരു ഹിന്ദി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയില്‍ സ്‌നേഹത്തിന്റെ പാതയുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Read: ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം തെക്കേ ഇന്ത്യയിൽ ഭാഗ്യപരീക്ഷണത്തിന് രാഹുൽ?

‘ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവശ്യത്തില്‍ ഞാന്‍ തീരുമാനം എടുക്കും. അമേഠിയുമായി എനിക്ക് ബന്ധമുണ്ട്. എന്നാല്‍ അന്ധവിശ്വാസം ഇല്ല. അവിടെ നിന്ന് മത്സരിക്കും. അവിടുത്തെ എംപിയായി തുടരും.’ അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിച്ചു ജയിച്ചാലും മണ്ഡലമൊഴിയാനുള്ള സാധ്യതയായാണ് രാഹുലിന്റെ ഈ വാക്കുകളെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം, മുന്നൂറിലധികം സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും വയനാടും വടകരയും എപ്പോൾ ഉണ്ടാകും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല. വയനാടിന്റെ കാര്യത്തിലെ അനിശ്ചിതാവസ്ഥയാണ് വടകര പ്രഖ്യാപനത്തിന് തടസമായത്. കെ.മുരളീധരന്റെ സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം ഇല്ല എന്ന് ഹൈക്കമാൻഡ് നേതാക്കൾ വ്യക്തമാക്കി. വയനാടിന്റെ പ്രഖ്യാപനം രാഹുൽ നിലപാട് അറിയിക്കുന്നത് വരെ നീളും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ