വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ വയനാട് കൈവിടരുതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. തന്റെ സഹോദരനും സുഹൃത്തും അതിലേറെ വളരെ ധൈര്യശാലിയുമാണ് രാഹുലെന്ന് പ്രിയങ്ക വ്യക്തമാക്കി.
‘എന്റെ സഹോദരന്, എന്റെ നല്ലൊരു സുഹൃത്ത്, അതിലേറെ എനിക്കറിയാവുന്ന ഏറ്റവും ധൈര്യശാലിയായ ആള്. അവനെ വിശ്വസിക്കുക, അവൻ നിങ്ങളെ കൈവിടില്ല,’ പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുല്‍ പത്രിക സമര്‍പ്പിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രിയങ്കയുടെ ട്വീറ്റ്. പിന്നില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. പ്രിയങ്ക തന്നെയാവാം ചിത്രം പകര്‍ത്തിയതെന്നാണ് സൂചന.
My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down. pic.twitter.com/80CxHlP24T
— Priyanka Gandhi Vadra (@priyankagandhi) April 4, 2019
പ്രിയങ്ക ഗാന്ധിക്കൊപ്പം കല്‍പ്പറ്റയില്‍ ഹെലികോപ്ടറില്‍ എത്തിയ രാഹുല്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമാണ് സിവില്‍ സ്റ്റേഷനിലെത്തിയത്. ഇതിന് ശേഷം രാഹുല്‍ റോഡ് ഷോയില്‍ പങ്കെടുത്തു. നിരവധി പ്രവര്‍ത്തകരാണ് കല്‍പ്പറ്റയില്‍ രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. റോഡ് ഷോക്ക് ശേഷം രാഹുല്‍ വയനാട്ടില്‍ നിന്നും മടങ്ങി.
ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. പത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതക്ക് എതിരെയുള്ള കടന്നാക്രമണമാണ് മോദിയുടേത്. ദക്ഷിണേന്ത്യയെ മോദി അവഗണിച്ചു. സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് രാഹുൽ കേരളത്തിലെത്തിയത്. കരിപ്പൂർ വിമാന താവളത്തിൽ നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.