ന്യൂഡൽഹി: ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ബി.ജെ.പിയുടെ ആദ്യസ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ലക്നൗവില്‍ നിന്നും നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും മത്സരിക്കും.

രണ്ടാം തവണയും രാഹുല്‍ ഗാന്ധിയോടാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോരാടാനിറങ്ങുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ തോറ്റ അമേഠിയില്‍ നിന്ന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.
ഇന്നലെ രാത്രി ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയിരുന്നില്ല. ചൊവ്വാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.രാത്രി ഒരു മണി വരെ യോഗം തുടർന്നതിനാൽ അന്ന് പ്രസിദ്ധീകരിക്കാനായില്ല. ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചർച്ചകൾ കൂടി പൂർത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

രണ്ടാഴ്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. ഏറെ നീണ്ട അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല. അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാർത്ഥിയാകും. ശോഭസുരേന്ദ്രൻ പാലക്കാട് നിന്നും മാറി ആറ്റിങ്ങലിൽ ജനവിധി തേടുക.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.