ആലത്തൂർ: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍ മോശം പ്രസ്താവന നടത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ബിജു. രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഇത്തരം വിഷയങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read: ‘വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചു’; പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തെ മറ്റ് തരത്തിൽ ചിത്രീകരിച്ച് വൈകാരികമാക്കാൻ ശ്രമിക്കുന്നതായും ബിജു കൂട്ടിച്ചേര്‍ത്തു. രമ്യക്കെതിരായ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുളളപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പരാതി നല്‍കുമെന്ന് രമ്യ പറഞ്ഞു. പരാമര്‍ശം തന്നെ വേദനിപ്പിക്കുന്നതാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ”സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല,” ഇതായിരുന്നു എ.വിജയരാഘവന്‍റെ വാക്കുകള്‍.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.