പവിഴദ്വീപിലെ ഇലക്ഷന്‍

Elections 2019, Lakshadweep votes today: ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നു.  മുഹമ്മദ് ഫൈസല്‍ പി പി ( NCP), മുഹമ്മദ് ഹംദുള്ള സയീദ്  INC), ഡോ. മുഹമ്മദ് സിദ്ദിഖ് ( JD(U)) , അബുദുള്‍ ഖാദര്‍ ഹാജി ( BJP), ഷെരീഫ് ഖാന്‍ (CPI(M)), അലി അകബര്‍ കുഞാണ്ടോ ( CPI) എന്നിവരാണ് 2019 ലെ ലോക്‌സഭാ
ഇലക്ഷനില്‍ മത്സരിക്കുന്നവര്‍.

പ്രധാന പോരാട്ടം സിറ്റിംഗ് എം പി മുഹമ്മദ് ഫൈസല്‍ (എന്‍ സി പി), മുഹമ്മദ് ഹംദുള്ള സയീദ് (കോണ്‍ഗ്രസ്) എന്നിവര്‍ തമ്മിലാണ്.  അന്ദ്രോത്ത് ദ്വീപ്‌ സ്വദേശികളാണ് ഇരുവരും.  പത്തു തവണ തുടര്‍ച്ചയായി ലോകസഭയില്‍ ലക്ഷദ്വീപിനെ  പ്രതിനിധീകരിച്ച പി എം സയീദിന്റെ മകനാണ് മുഹമ്മദ് ഹംദുള്ള സയീദ്.

ഇടതുപക്ഷത്തിലെ തന്നെ സി പി എമ്മും (ഷെരീഫ് ഖാന്‍), സി പി എയും (അലി അകബര്‍ കുഞാണ്ടോ) തമ്മില്‍ നടക്കുന്ന പോരാട്ടമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ജെ ഡി (യു) വിലെ ഡോ. മുഹമ്മദ് സിദ്ദിഖ് ബിജെപിയുടെ അബുദുള്‍ ഖാദര്‍ ഹാജി എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

മുപ്പത്തിയാറു ദ്വീപുകളുള്ള ലക്ഷദ്വീപില്‍ പത്തെണ്ണത്തില്‍ മാത്രമേ ജനവാസമുള്ളൂ.  പത്തെണ്ണത്തിലുമായി 54, 000 വോട്ടര്‍മാരാണ് 51 പോളിംഗ് ബൂത്തുകളിലായി തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. അഗത്തി, ബിത്ര, കവരത്തി, മിനിക്കോയ്, കല്പെനി, അമിനി, കടമത് കില്തന്‍, ചെത്ലറ്റ് എന്നീ ഇടങ്ങളിലായാണ് പോളിംഗ് സ്റ്റേഷനുകള്‍. 65.ജ ശതമാനം പോളിങാണ് ലക്ഷദ്വീപില്‍ രേഖപ്പെടുത്തിയത്. വോട്ടിങ് അവസാനിച്ചു.

ലക്ഷദ്വീപ് ലോകസഭാ മണ്ഡലം

കരയേക്കാള്‍ കൂടുതല്‍ സ്ഥലം കടലു കൊണ്ട് നിറഞ്ഞതാണ് ഈ ഭൂമി എന്ന് സ്വയം ബോധ്യമുള്ളവരാണ് ലക്ഷദ്വീപിലെ ഓരോരുത്തരും. ഒരു ചെറു ദ്വീപും അതിനും ചുറ്റം വലിയൊരു സമുദ്രവലയവുമാണ് ഇവിടുത്തെ ഭൂമിക. ഒരു ദ്വീപിന്റെ ഒരറ്റത്തു നിന്ന് മൂന്നോ നാലോ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറുവശത്ത് കടലിലെത്തും. ചില ഭാഗങ്ങളില്‍ ഈ ദൂരം ഒരു കിലോമീറ്ററോ അതില്‍ താഴെയോ മാത്രമായിരിക്കും. രണ്ട് വശവും കടല്‍ കാണാവുന്ന ഭാഗങ്ങളുമുണ്ട്. അത്രയും ചെറിയ പത്തോളം ദ്വീപിലെ അമ്പതിനായിരത്തിനടുത്തുള്ള വോട്ടര്‍മാര്‍ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാല്‍ മറ്റ് വോട്ടര്‍മാരുടെ തെരെഞ്ഞെടുപ്പ് അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തരാണ്.

ലക്ഷദ്വീപില്‍ ജനവാസമുള്ളതും ഇല്ലാത്തതുമായി മുപ്പത്തിയാറ് കൊച്ച് ദ്വീപുകള്‍ ചേര്‍ന്ന സമൂഹമാണുള്ളത്‌. ഇതില്‍ പത്ത് ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. പവിഴപ്പുറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ ദ്വീപുകളില്‍ കേരള തീരത്തോട് ഏറ്റവും അടുത്ത് നില്കുന്ന ദ്വീപ് 200 കിലേമീറ്റര്‍ ദുരെയും, ഏറ്റവും അകലെയുള്ളത് 440 കിലോമീറ്ററും അകലെയുമാണ്. നാം മാപ്പില്‍ കാണുന്ന ചെറിയ കുത്തുകള്‍ സത്യത്തില്‍ കേരളത്തോളം നീളത്തില്‍ പരന്ന് കിടക്കുകയാണ്. മംഗലാപുരത്തിന് സമാന്തരമായി കിടക്കുന്ന ദ്വീപുകള്‍ മുതല്‍ തിരുവന്തപുരത്തിന് സമാന്തരമായി കിടക്കുന്ന ദ്വീപൂകള്‍ വരെ.

ഇവിടെ പര്യടനത്തിറങ്ങുന്ന ഓരോ സ്ഥാനാര്‍ത്ഥിയും കേരള സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തുന്ന ഒരാളെപ്പോലെ സഞ്ചരിക്കണമെന്ന് സാരം. ഓരോ ദ്വീപും ഓരോരോ സമൂഹമാണ്. ഒരു പൊതുസംസ്‌കാരത്തിന്റെ അന്തരീക്ഷം ഈ ജനതയെ ആദേശം ചെയ്യുന്നുണ്ടെങ്കിലും ഒരു ദ്വീപുകാര്‍ മറ്റൊരു ദ്വീപുകാരുമായി നിരന്തര സമ്പര്‍ക്കമുള്ളവരല്ല. തൊട്ടടുത്ത ദ്വീപുകളുമായി യാത്രകള്‍ കൊണ്ട് ബന്ധപ്പെടുന്നെങ്കിലും പൊതുവേ ഓരോ ദ്വീപുകാരും അവരവരുടെ ദ്വീപിന്റെ ആന്തരികസുരക്ഷിതത്വത്തെ ഇഷ്ടപ്പെടുന്നു.

തലസ്ഥാനമായതിനാല്‍ എല്ലാ ദ്വീപുകളും കവറത്തിയുമായി ബന്ധപ്പെടുതന്നതൊഴിച്ചാല്‍ ദ്വീപുകള്‍ തമ്മിലുള്ള സമ്പര്‍ക്കത്തേക്കാള്‍ കൂടുതലാണ് കേരളവുമായുള്ള അടുപ്പവും പെരുമാറ്റവും. ഇവിടുത്തെ രാഷ്ടീയപാര്‍ട്ടികളും പ്രവര്‍ത്തകരും ദ്വീപിനെ ഒരൊറ്റ ഭൂപ്രകൃതിയായി കാണാന്‍ ശ്രമിക്കുന്ന ഓരോയൊരു കാലം ഒരുപക്ഷേ തെരെഞ്ഞെടുപ്പ് കാലം മാത്രമായിരിക്കും. ഒരു ദ്വീപിലെ വോട്ടര്‍ മറ്റൊരു ദ്വീപിലെ വോട്ടറുമായി ബന്ധപ്പെടുന്നതു പോലും വിരളമാണ്.

ഇലക്ഷന്‍ കാലത്ത് മാത്രമാണ് ലക്ഷദ്വീപിലെ ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെപ്പറ്റി ചര്‍ച്ച ചെയ്യുന്നത്. ഇവിടുത്തെ ദൈനംദിന ജീവിതത്തില്‍ രാഷ്ടീയം യാതൊരു തരത്തിലും ജനങ്ങളെ വേര്‍തിരിക്കുന്നില്ല. മറ്റിടങ്ങളിലെപ്പോലെ ദീര്‍ഘകാലം നീണ്ട മുന്നൊരുക്കങ്ങളില്ല.
തെരെഞ്ഞെടുപ്പിനോടടുത്ത് മാത്രമാണ് ഇവിടെ രാഷ്ടീയം സജീവമാകുന്നത്.

മത്സ്യബന്ധന ബോട്ടുകളില്‍ ദ്വീപിന് ചുറ്റും നടത്തുന്ന ബോട്ട് പ്രചാരണയാത്രകളാണ് വ്യത്യസ്തമായ പ്രചാരണ രീതികളിലൊന്ന്. ശബ്ദഘോഷങ്ങളോടെ കൊടിതോരണങ്ങളായി ബോട്ടുകള്‍ ഒന്നിന് പിറകെ മറ്റൊന്നായി ദ്വീപിനെ വലം വെക്കുന്ന പ്രചാരണരീതി പലപ്പോഴും അവലംബിക്കാറുണ്ട്. വാഹനങ്ങളില്‍ അനൗണ്‍സ് ചെയ്തു കൊണ്ട് പ്രചാരണം നടത്തുന്നതു പോലെ മറ്റെവിടെയുമുള്ള രീതികള്‍ ഇവിടെയുമുണ്ട്.

ഓരോ ദ്വീപുലുമുള്ളവര്‍ മിക്കവരും പരസ്പരം അറിയുന്നവരാണ്. ഇവിടെ ഒരു വാര്‍ത്തയും മറ്റൊരാള്‍ക്ക് അന്യമല്ല. എന്നാല്‍ മറ്റ് ദ്വീപുകള്‍ ഏറെക്കുറെ അപരിചിത സ്ഥലം തന്നെയാണ്. അവിടുത്തെ ഭൂപ്രകൃതിയും ജീവിതവും സമാനമെങ്കിലും ആളുകള്‍ നിരന്തരം ബന്ധപ്പെടുന്നവരല്ല. അതു കൊണ്ടു തന്നെ ദ്വീപിനെ മൊത്തത്തില്‍ ഒരു രാഷ്ട്രീയ ഭൂമികയായി കാണുമ്പോഴും ബോട്ടില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചെത്തേണ്ട പത്തോളം ചെറു ദ്വീപുകളിലെ ജനങ്ങളുടെ രാഷ്ടീയ വിചാരത്തെപ്പറ്റിയാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

മറ്റിടങ്ങളെപ്പോലെ ഒരു കാറ്റിന്റെ ആവേഗത്തില്‍ ആശയവും തീരുമാനങ്ങളും മാറ്റാന്‍ ആഗ്രഹിക്കാത്ത സമാനധാനപ്രിയരായ ജനങ്ങളുടെ സഞ്ചയമാണിത്. ഇവിടുത്തെ വോട്ടിങ് പാറ്റേണും അതിലെ മാറ്റങ്ങളും ശ്രദ്ധിച്ചാല്‍ രാഷ്ടീയ തീരുമാനങ്ങളിലെ സാവധാനമുള്ള മാറ്റം കാണാവുന്നതാണ്. തെരെഞ്ഞെടുപ്പിന്റെ ബഹളം അവസാനിക്കുന്നതോടെ ഇവടുത്തുകാര്‍ അതു വരെ ചര്‍ച്ച ചെയ്ത രാഷ്ടീയമായ വ്യത്യാസങ്ങള്‍ മറക്കും. ശാന്തമായ ജീവിതത്തിന്റെ താളത്തിലേക്ക് മടങ്ങും.

Read More: LAKSHADWEEP LOK SABHA ELECTIONS RESULTS / CANDIDATES

ലക്ഷദ്വീപിലെ ആദ്യത്തെ എം പി, കെ നല്ലകോയ തങ്ങളാണ്. അദ്ദേഹത്തെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ഇന്ത്യന്‍ പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. പിന്നീട് 1961 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയയ പി എം സയീദ് എം പിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1971 ലെ അടുത്ത തെരെഞ്ഞെടുപ്പു മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (INC) ന്റെ സ്ഥാനാര്‍ത്ഥിയായി പി എം സയീദ് വിജയിച്ച് പാര്‍ലമെന്റിലെത്തി. പത്ത് വട്ടം പാര്‍ലമെന്റിലേക്ക് തുടര്‍ച്ചയായി തെരെഞ്ഞെടുക്കപ്പെട്ട് അദ്ദേഹം 2004 ല്‍ ജനതാദള്‍ (യുനൈറ്റഡ്) ന്റെ സ്ഥാനാര്‍ത്ഥി പി പൂക്കിഞ്ഞി തങ്ങളോട് 71 വോട്ടിന് പരാജയപ്പെട്ടു. എങ്കിലും അദ്ദേഹം ആ കാലയളവില്‍ രാജ്യസഭാംഗമായി വരികയും ഡെപ്യൂട്ടി സ്പീക്കര്‍ പദവി അലങ്കരിക്കുകയും ചെയ്തു. 2009 ല്‍ മുഹമ്മദ് ഹംദുള്ള സയീദും (INC) 2014 ല്‍ മുഹമ്മദ് ഫൈസല്‍ പി പിയും (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) തെരെഞ്ഞടുക്കപ്പെട്ടു.

 

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.